ഈ ലോകകപ്പില്‍ രണ്ടാം സെഞ്ച്വറിയുമായി രോഹിത്; പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

single-img
16 June 2019

പാകിസ്താനെതിരെ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ച് രോഹിത് ശര്‍മ്മ പുറത്തായി. ടീമിന്റെ ടോട്ടല്‍ 234ല്‍ എത്തിച്ചാണ് രോഹിത് പുറത്തായത്. പാക് ബൌളര്‍ ഹസന്‍ അലിയുടെ പന്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് വഹാബ് റിയാസിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിതിന്റെ മടക്കം.

ഇന്നത്തെ സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. കൂടുതല്‍ വേഗത്തില്‍ കരിയറിലെ 24ആം സെഞ്ച്വറി തികച്ചാണ് സച്ചിന്റെ റെക്കോര്‍ഡ് രോഹിത് മറിടകന്നത്. 219 മത്സരങ്ങളില്‍ നിന്ന് സച്ചിന്‍ 24 സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ 203 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ 113 പന്ത് നേരിട്ട രോഹിത് 140 റണ്‍സെടുത്തു. ഇതില്‍ 14 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. 35-ാം ഓവറിലായിരുന്നു ഇന്ത്യ ഇരുന്നൂറ് കടന്നത്. ടീമിനായി ലോകേഷ് രാഹുല്‍-രോഹിത് ശര്‍മ്മ ഓപ്പണിംഗ് സഖ്യം ശക്തമായ അടിത്തറയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ആദ്യം പുറത്തായ രാഹുല്‍ 57 റണ്‍സെടുത്തിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ കോലി നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിയ്ക്കുകയായിരുന്നു.

പാക് പേസര്‍മാരെയും സ്പിന്നര്‍മാരെയും അനായാസം നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുഹമ്മദ് ആമിറിന് മുന്നില്‍ മാത്രമാണ് പതറിയത്. മത്സരത്തില്‍ ഇതുവരെ ആറ് ഓവര്‍ എറിഞ്ഞ ആമിര്‍ 18 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്.