വാട്‌സാപ്പ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കോടതി കേറേണ്ടിവരും

single-img
15 June 2019

വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ, ബള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ ഏഴ് മുതലാണ് വാട്‌സ് ആപ്പ് ബള്‍ക്ക് മെസേജ് സംവിധാനങ്ങള്‍ക്ക് നേരെ പിടിമുറുക്കിത്തുടങ്ങുക.

മാര്‍ക്കറ്റിങ് സ്ഥാപനങ്ങളുള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറുന്നതിന് വ്യാപകമായി വാട്‌സ് ആപ്പിനെ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ ഒരേ സമയം അയക്കാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണം വാട്‌സ് ആപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ചില സ്ഥാപനങ്ങള്‍ കമ്പനിയുടെ നിയമം മറികടന്ന് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ബള്‍ക്ക് മെസേജുകള്‍ അയക്കുകയാണ്. ഇതവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തി വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ വ്യാജ ആപ്പ് വഴി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ബള്‍ക്ക് മെസേജുകള്‍ ഓട്ടോമാറ്റിക്കായി അയച്ചതായി കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പുപയോഗിച്ച് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. 20 കോടി ഉപയോക്താക്കളാണ് വാട്ട്‌സാപ്പിന് ഇന്ത്യയിലുള്ളത്.