എല്ലാത്തിനും ഒന്നാം റാങ്ക്; എന്നിട്ടും കേരളത്തില്‍ ജോലി ഇല്ല; മകളെ കാനഡയ്ക്ക് അയച്ചു; ഒരു അച്ഛന്റെ കുറിപ്പ്

single-img
15 June 2019

മകള്‍ക്ക് ബി.എയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക് ലഭിച്ചിട്ടും കേരളത്തില്‍ ഒരിടത്തും ജോലി ലഭിക്കുന്നില്ലെന്ന് ഒരു അച്ഛന്റെ കുറിപ്പ്. സക്കറിയ പൊന്‍കുന്നം എന്ന വ്യക്തിയാണ് കുറിപ്പെഴുതിയിരിക്കുന്നത്. സക്കറിയയുടെ കുറിപ്പ് ഇങ്ങനെ:

ഒടുവില്‍ ഞങ്ങളുടെ സാറാ .. ഇതാ ക്യാനഡയിലേക്ക്. ഞങ്ങളുടെ കൂടെ ഈ നാട്ടില്‍ ജീവിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. ഞങ്ങളും ആഗ്രഹിച്ചു. പക്ഷേ: വെറുതെ വിക്കാന്‍ ആവില്ലല്ലോ .ഒരു നല്ല ജോലി ഇക്കാലത്ത് ആവശ്യമാണ്.

അവള്‍ നന്നായി പഠിച്ചു. പഠനത്തില്‍ നന്നായി അദ്ധ്വാനിച്ചു. നല്ല റിസല്‍ട്ട് ലഭിച്ചു. English Lit..BA MG.universtiy Ist Rank MA. Kerala universtiy, Ist Rank. NET.

പക്ഷേ: ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും ഈ ഉന്നത വിജയം നേടിയ കുട്ടിയെ വേണ്ട. എല്ലാവര്‍ക്കും വേണ്ടത് പണമാണ്. പണം. അതും ലക്ഷങ്ങള്‍.

ഒരു കോളജ് അദ്ധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങള്‍ സാധാരണക്കാരന് താങ്ങാനാവില്ല.

ഒരു പിതാവ് എന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രിയോടും യൂണിവേഴ്‌സിറ്റികളോടും ഒരു അഭ്യര്‍ത്ഥന ഉണ്ട്. ദയവു ചെയ്ത് ഈ റാങ്ക് കൊടുക്കുന്ന രീതി അങ്ങ് നിര്‍ത്തി കളയു. എന്തിനാണ് കുട്ടി കള്‍ക്ക് വെറുതെ ആശ കൊടുക്കുന്നത്? എന്റെ മകള്‍ റാങ്കിനു വേണ്ടി പഠിച്ചതല്ല, പഠിച്ചപ്പോള്‍ റാങ്ക് കിട്ടി പോയതാണ്. അത് കിട്ടുമ്പോള്‍ ആ കുട്ടികള്‍ സ്വാഭാവികമായും വിചാരിക്കുന്നു ഇവിടെ ഒരു ജോലിക്ക് പ്രഥമ പരിഗണന കിട്ടുമല്ലോ എന്ന്.

പക്ഷേ ദു:ഖമുണ്ട് ഇന്ന് പ്രഥമ പരിഗണന ഞാന്‍ എത്ര തുക നിയമനത്തിന് കൊടുക്കും എന്നതാണ്. പഠനവും, കഴിവും പഠിപ്പിക്കാനുള്ള താല്‍പര്യവും ആര്‍ക്ക്, ഏത് മാനേജ്‌മെന്റിന് വേണം? അങ്ങിനെ ഒരു താല്‍പര്യം ഏതെങ്കിലും കോളജിന് ഉണ്ടെങ്കില്‍ എന്റെ കുട്ടി കഴിഞ്ഞ രണ്ടു വര്‍ഷം, കാത്തിരുന്ന് ഒടുവില്‍ ഒരു വിദേശ രാജ്യത്ത് അഭയം തേടി പോകേണ്ടി വരില്ലായിരുന്നു.

ബഹു. വിദ്യാഭ്യാസ മന്ത്രിയോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്. ഏത് വിഷയത്തിലും ഒന്നും രണ്ടും റാങ്ക് നേടുന്ന കുട്ടികളെ എത്രയും വേഗം അവരുടെ പഠനത്തിന് യോഗ്യമായ തസ്തികകളില്‍ കാലതാമസം കൂടാതെ നിയമിച്ച് അവരില്‍ ഉള്ള കഴിവുകളെ ഇന്നാട്ടിലെ തലമുറകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഒരു തീരുമാനം ഉണ്ടാക്കുന്ന കാര്യം ആലോചിക്കണം. ഒരു അപേക്ഷയാണ്.

https://www.facebook.com/zacharia.ponkunnam/posts/10216396993014834