പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ രണ്ട് ഹെല്‍മറ്റ് വാങ്ങിയ രസീത് നിർബന്ധമായും കാണിക്കണം; പരിഷ്ക്കാരവുമായി മോട്ടോർ വാഹന വകുപ്പ്

single-img
15 June 2019

പൊതുവേ രാജ്യത്ത് ഇരു ചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കാൻ മടികാണിക്കുന്ന സാഹചര്യത്തിൽ, ഇതിനെ മറികടക്കാൻ പുതിയ നടപടിയുമായി മധ്യപ്രദേശിലെ മോട്ടോർ വാഹന വകുപ്പ്. പുതുതായി വാങ്ങുന്ന ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്ത് രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത് കിട്ടണം എങ്കില്‍ നിങ്ങള്‍ രണ്ട് ഹെല്‍മറ്റ് വാങ്ങിയ രസീത് കൂടി നിർബന്ധമായും കാണിക്കണം.

ബൈക്കുകളില്‍ യാത്രചെയ്യുന്ന ഡ്രൈവറുടെയും സഹയാത്രികന്റെയും സുരക്ഷ കണക്കിലെടുത്താണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേപോലെ ഇനിമുതല്‍ ഇരുചക്രവാഹനം പുതുതായി വാങ്ങുന്നവർക്ക് രണ്ട് ഹെൽമെറ്റുകൾ കൂടി വിൽക്കാൻ സർക്കാർ വാഹന ഡീലർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ശൈലേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയുള്ള കോടതി ഉത്തരവ്, പൂർണ്ണമായി നടപ്പാക്കാന്‍ ഗതാഗത വകുപ്പിന് സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.