തന്ത്രിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കികൊന്നു

single-img
15 June 2019

തന്ത്രിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുപ്പത്തിരണ്ടുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് മാന്‍പാലിനേയും മന്ത്രവാദിയായ സന്ത്ദാസ് ദുര്‍ഗാദാസിനേയും പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പിതാവായ മാന്‍പല്‍ അമ്മയെ മുക്കിക്കൊല്ലുന്നതു കണ്ടെന്നു മകന്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നു മാന്‍പല്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പോലീസിനോടു പറഞ്ഞു.

തന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന മാന്‍പലിന്റെ ആവശ്യത്തെ തുടര്‍ന്നു ഭയചകിതയായ സഹോദരി രണ്ടു ദിവസം മുമ്പ് ഫോണ്‍ ചെയ്തിരുന്നെന്നും ഇടപെടണമെന്ന് ആവശ്യപ്പെട്ടെന്നും സഹോദരന്‍ പരാതിയില്‍ പറയുന്നു. വിഷയം പിന്നീടു പരിഹരിക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഭാര്യയെ പുഴയിലേക്കു കൂട്ടിക്കൊണ്ടുപോയി മാന്‍പല്‍ മുക്കിക്കൊല്ലുകയായിരുന്നു.

തന്ത്രിയായ സന്ത്ദാസ് ദുര്‍ഗാദാസും ഒപ്പമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം തന്ത്രി പുഴ നീന്തിക്കടന്ന് അടുത്ത ജില്ലയിലേക്കു പോയി. പരാതിയുടെ അടിസ്ഥാനത്തില്‍ തന്ത്രിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

തന്ത്രിയായ സന്ത്ദാസ് ദുര്‍ഗദാസിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ കൊല്ലം നടത്തിയ റെയ്ഡില്‍ ഇയാളുടെ പക്കല്‍ നിന്ന് ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. കാര്യസാധ്യത്തിനായാവണം മാന്‍പാല്‍ സന്ത്ദാസ് ദുര്‍ഗാദാസിനെ സമീപിച്ചതെന്നാണ് പോലീസ് നിഗമനം.