മെട്രോയില്‍ അനധികൃത യാത്ര: ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹാജരായി

single-img
15 June 2019

Support Evartha to Save Independent journalism

ജനകീയ മെട്രോ യാത്രാക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇവര്‍ക്കു ജാമ്യം അനുവദിച്ചത്. കേസ് അടുത്ത മാസം 27 ന് വീണ്ടും പരിഗണിക്കും. കെഎംആല്‍എല്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

സ്പീക്കറുടെ ചേമ്പര്‍ തകര്‍ത്ത കേസ് അടക്കം ഒത്തുതീര്‍പ്പാക്കിയ സര്‍ക്കാരാണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും നിയമപരമായി തന്നെ നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാവരും ടിക്കറ്റ് എടുത്തിട്ട് തന്നെയാണ് യാത്ര ചെയ്തതെന്നും അക്രമാസക്തമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ മെട്രോ യാത്ര. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ നടന്ന ജനകീയ മെട്രോ യാത്രയില്‍ കൊച്ചി മെട്രോ സംവിധാനങ്ങള്‍ താറുമാറായി.

പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്നു. ടിക്കറ്റ് സ്‌കാന്‍ ചെയ്ത് മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകള്‍ തിരക്കുനിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനില്‍ വച്ചും പ്രവര്‍ത്തകര്‍ മുദ്രാവാദ്യം വിളിച്ചു.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് 1000 രൂപ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാര്‍ക്കു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പോലും ഇടംലഭിച്ചിരുന്നില്ല.

തിരക്കു നിമിത്തം ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയ്‌ക്കൊപ്പം ട്രെയിനില്‍ കയറാനുമായിരുന്നില്ല. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.