മാവേലിക്കരയിലെ പോലീസുകാരിയുടെ കൊലപാതകം; ഇരുവരും സൗഹൃദം തുടങ്ങിയത് കെഎപി ബറ്റാലിയനിൽ; കൊലപാതക കാരണം വ്യക്തിവിരോധം

single-img
15 June 2019

മാവേലിക്കരയിൽ പോലീസുകാരിയെ വെട്ടിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തൽ. തൃശൂര്‍ ജില്ലയിലെ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പോലീസിൽ ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു.

ഇരുവരും തമ്മിൽ അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും ഇപ്പോൾ കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടെയും ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. മാത്രമല്ല, ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

പക്ഷെ എവിടെയാണ് ഇരുവരും കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പോലീസിന് ലഭിച്ചിട്ടില്ല. ആക്രമണത്തിൽ ശരീരത്തിൽ അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. അജാസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മാവേലിക്കരയിലെ വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന്വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വള്ളിക്കുന്ന് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.