ഗര്‍ഭനിരോധന ഉറയില്‍ ദ്രാവക രൂപത്തില്‍ സ്വര്‍ണം; രണ്ടുപേര്‍ പിടിയില്‍

single-img
15 June 2019

ഗര്‍ഭനിരോധന ഉറയില്‍ ദ്രാവകരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വ്യാഴാഴ്ച 10 മണിയോടെ വാളയാര്‍ പാലക്കാട് ദേശീയപാതയില്‍ കഞ്ചിക്കോട് കുരുടിക്കാടായിരുന്നു പരിശോധന. അബ്ദുള്‍ ജസീര്‍ ഷാര്‍ജയില്‍നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിച്ച സ്വര്‍ണം അജ്‌നാസിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴിനല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ പ്രത്യേകം സൂക്ഷിച്ചാണ് സ്വര്‍ണം കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് വ്യക്തമായിട്ടില്ല. മുമ്പും സ്വര്‍ണം കടത്തിയതായി ചോദ്യംചെയ്യലില്‍ ഇരുവരും മൊഴി നല്‍കി.

പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ അബ്ദുള്‍ ജസീര്‍ ഏപ്രിലില്‍ ഷാര്‍ജയിലേക്ക് പോയതായി തെളിഞ്ഞിട്ടുണ്ട്. അന്ന് സ്വര്‍ണം കടത്തിയോ എന്നതും അന്വേഷിക്കും. തുടരന്വേഷണത്തിനായി സ്വര്‍ണത്തോടൊപ്പം അജ്‌നാസിനേയും അബ്ദുള്‍ ജസീറിനേയും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി. തൃശ്ശൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡേവിസ് ടി മന്നത്ത് തുടരന്വേഷണം നടത്തും.