തിങ്കളാഴ്ച ഡോക്ടര്‍മാരുടെ ദേശീയസമരം: പിന്തുണ പ്രഖ്യാപിച്ച് കേരള ആശുപത്രി മനേജ്‌മെന്റ്; മമതാ ബാനര്‍ജിക്ക് അന്ത്യശാസനവുമായി എയിംസിലെ ഡോക്ടര്‍മാര്‍

single-img
15 June 2019

കൊച്ചി: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന ദേശീയ പണിമുടക്കിന് പൂര്‍ണ പിന്തുണ നല്‍കാന്‍ കേരള ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളിലും കേരളത്തില്‍ തിങ്കളാഴ്ച ചികിത്സ മുടങ്ങിയേക്കും.

അതിനിടെ, സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം നിരസിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം തകര്‍ക്കാനുള്ള മമതയുടെ ശ്രമമാണ് ഇതെന്ന് ആരോപിച്ചാണ് ചര്‍ച്ചയുടെ സാധ്യതകള്‍ ഡോക്ടര്‍മാര്‍ അടച്ചത്. ഇന്നു സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു മമതയുടെ നിര്‍ദേശം.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. മമതയുടെ മാപ്പപേക്ഷ ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. മമത ജൂനിയര്‍ ഡോക്ടര്‍ക്കു നേരെ ആക്രമണമുണ്ടായ എന്‍ആര്‍എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തണമെന്നും നിരുപാധികം മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സമരത്തെ തുടര്‍ന്ന് ബംഗാളില്‍ മാത്രം 700ല്‍ അധികം ഡോക്ടര്‍മാര്‍ ഇതുവരെ രാജി സമര്‍പ്പിച്ചതായാണു വിവരം.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ടു നിയമനിര്‍മാണം നടത്തണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം. എന്നാല്‍ സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം. അതിനിടെ, പ്രശനപരിഹാരത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി.

പണിമുടക്കിനിടെ പശ്ചിമബംഗാളിലെ അഗര്‍പാരയില്‍ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ കിട്ടാതെയാണ് തന്റെ കുട്ടി മരിച്ചതെന്ന് പിതാവ് അഭിജിത് മല്ലിക് പറഞ്ഞു. ജൂണ്‍ 11നു ജനിച്ച് കുട്ടിക്ക് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു.

12ാം തീയതിയായതോടെ കുട്ടിയുടെ നില തീര്‍ത്തും വഷളായി. മറ്റൊരു ആശുപത്രിയിലേക്കു പോകാനാണ് അഗര്‍പാര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഭിജിത്തിനോടു പറഞ്ഞത്. എന്നാല്‍, പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും 13നു രാവിലെ കുട്ടി മരിച്ചെന്നും അഭിജിത് പറയുന്നു.