അമ്മ വെള്ളം തേടി പോയി; കുടിനീര്‍ കിട്ടാതെ പ്രവാസി ബാലിക അരിസോണയിലെ മരുഭൂമിയില്‍ മരിച്ചു

single-img
15 June 2019

Support Evartha to Save Independent journalism

അമേരിക്കയിലേക്കുള്ള കുടിയേറ്റശ്രമത്തിനിടെ അരിസോണയിലെ മരുഭൂമിയില്‍ ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റ സംഘത്തിലെ ആറു വയസ്സുകാരി ചൂടേറ്റ് മരിച്ചു. കുട്ടിയുടെ അമ്മ മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം വെള്ളം തേടി പോയ സമയത്താണ് മരണം സംഭവിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെക്‌സിക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്കു കടക്കാന്‍ ശ്രമിച്ച ഇന്ത്യയില്‍ നിന്നുള്ള സംഘത്തിനൊപ്പമെത്തിയ ഗുര്‍പ്രീത് കൗര്‍ എന്ന ആറുവയസുകാരിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഏഴാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബാലികയുടെ ദാരുണമരണം.

അഞ്ച് ഇന്ത്യക്കാരടങ്ങുന്ന സംഘമാണ് മെക്‌സിക്കോ വഴി അതിര്‍ത്തി കടക്കാന്‍ എത്തിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പത്തോടെ ഇവരെ കള്ളക്കടത്ത് സംഘം പണം വാങ്ങി ലൂക്ക്വില്ലിക്ക് 27 കിലോമീറ്റര്‍ പടിഞ്ഞാറ് എത്തിച്ചു. ഏറെ നടന്ന് തളര്‍ന്നപ്പോള്‍ ആറു വയസ്സുകാരിയുടെ അമ്മയും സംഘത്തിലെ ഒരു സ്ത്രീയും വെള്ളം അന്വേഷിച്ച് പോയി.

മറ്റൊരു സ്ത്രീക്കും കുട്ടിക്കുമൊപ്പമാണ് മകളെ ഏല്‍പ്പിച്ചത്. എന്നാല്‍ വെള്ളമന്വേഷിച്ച് നടന്ന സ്ത്രീകള്‍ക്ക് മരുഭൂമിയില്‍ വഴിതെറ്റി. 22 മണിക്കൂറിനു ശേഷം ബോര്‍ഡര്‍ പെട്രോള്‍ സംഘം ഇവരെ കണ്ടെത്തുകയായിരുന്നു. ഇംഗ്ലീഷ് അറിയാത്ത സ്ത്രീ ആംഗ്യ ഭാഷയില്‍ മകള്‍ മരുഭൂമിയിലുണ്ടെന്ന് അറിയിച്ചു.

നാലു മണിക്കൂര്‍ തെരച്ചിലിനു ശേഷം അമേരിക്കന്‍ അതിര്‍ത്തിയില്‍നിന്നും 1.6 കിലോമീറ്റര്‍ മാത്രം അകലെ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. 42 ഡിഗ്രിയായിരുന്നു ഇവിടെ ചൂട്. ആറുവയസ്സുകാരിയെ ഏല്‍പിച്ചിരുന്ന സ്ത്രീയും മകളും അതിര്‍ത്തി കടന്ന് അമേരിക്കയില്‍ പ്രവേശിച്ചെങ്കിലും പൊലീസിന്റെ പിടിയിലായി.

ഈ വര്‍ഷം മേയ് 30 വരെ 58 കുടിയേറ്റക്കാരാണ് തെക്കന്‍ അരിസോണയിലെ മരുഭൂമിയില്‍ അതിര്‍ത്തി കടക്കുന്നതിനിടെ മരിച്ചത്. മെക്‌സിക്കോ വഴി അനധികൃതമായി അമേരിക്കയിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.