ഇനി വെറും ഓലയല്ല, ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന `അൽ ഓല´; ഓല മെടഞ്ഞു നൽകാൻ മൂന്നു ജില്ലക്കാർക്ക് ലഭിച്ചത് 36 ലക്ഷം രൂപ

single-img
15 June 2019

ഉത്തരവാദിത്വ ടൂറിസം മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ റിസോർട്ടുകൾക്കായി ഓല മെടഞ്ഞു നൽകാൻ മൂന്നു ജില്ലക്കാർ റെഡിയായപ്പോൾ കിട്ടിയത് 36 ലക്ഷം രൂപയുടെ ഓർഡർ. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി ഓല മെടയാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് മുന്നൂറോളം ഗ്രൂപ്പുകളാണ്. കോട്ടയത്ത് കുമരകത്തും, തിരുവനന്തപുരത്ത് പൂവാർ, കോവളം എന്നിവിടങ്ങളിലും കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലുമാണ് ഇവരുടെ മെടച്ചിൽ.

കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുമായി കൈകോർത്ത് നടപ്പാക്കുന്ന പദ്ധതിക്ക് ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. മിഷന്റെ നേതൃത്വത്തിൽ വനിതാ ഗ്രൂപ്പുകളാണ് ഓല മെടയുന്നത്. മെടഞ്ഞെടുക്കുന്ന ഓലകൾ ട്രാവൽമാർട്ട് സൊസൈറ്റി വഴി റിസോർട്ടുകൾക്ക് വിൽക്കും. റിസോർട്ടുകൾ കേരളീയ ശൈലിയിൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ പുല്ലും ഓലയും മേയുന്നുണ്ട്. പുല്ല് കിട്ടാനില്ലാത്തതും വനത്തിൽ നിന്ന് ശേഖരിക്കാൻ നിയന്ത്രണവുമുള്ളതും ഓലയ്ക്ക് ഗുണകരമാവുകയായിരുന്നു.

മുഴുവനായ ഓല മെടഞ്ഞു കൊടുക്കുമ്പോൾ ഒരെണ്ണത്തിന് 18 രൂപ കിട്ടും. 30 ലക്ഷം ഓലയെങ്കിലും കേരളത്തിലെ റിസോർട്ടുകൾക്കു വേണമെങ്കിലും ആദ്യഘട്ടത്തിൽ രണ്ടു ലക്ഷത്തിന്റെ ഓർഡറാണ് ലഭിച്ചത്. മുൻപ് തമിഴ്നാട്ടിൽ നിന്നാണ് മെടഞ്ഞ ഓലകൾ റിസോർട്ടുകൾ വാങ്ങിയിരുന്നത്.

”കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുമായുള്ള ധാരണപ്രകാരമാണ് രണ്ടു ലക്ഷത്തിന്റെ ആദ്യ ഓർഡർ ലഭിച്ചത്. ഇത് ജൂലായ് അവസാനം നൽകും. ഇതിനു ശേഷം ഔദ്യോഗിക കരാറിൽ ഏർപ്പെടും.”- ഉത്തരവാദിത്വ ടൂറിസം മിഷൻ ഭാരവാഹി കെ. രൂപേഷ് കുമാർ പറഞ്ഞു.