കാര്‍ട്ടൂണ്‍ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല; ആവശ്യപ്പെട്ടത് പുനപരിശോധിക്കാന്‍ മാത്രം: മുഖ്യമന്ത്രി

single-img
15 June 2019

മത ചിഹ്നങ്ങൾ അപമാനിക്കുന്ന രീതിയിൽ ഉപയോഗിച്ചു എന്നപേരിലുള്ള കാര്‍ട്ടൂണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലളിതകലാ അക്കാദമിയുടെ പുരസ്‌ക്കാര നിർണ്ണയ വിഷയത്തില്‍ അനാവശ്യമായി സര്‍ക്കാരിനെ വലിച്ചിഴച്ചതിനാലാണ് മന്ത്രി എകെ ബാലന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പറയുന്നത് ശരിയല്ല. മാത്രമല്ല സര്‍ക്കാരിന് അങ്ങനെയൊരു ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഇപ്പോഴുണ്ടായ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല. അക്കാദമി പുരസ്‌കാരം റദ്ദാക്കിയിട്ടുമില്ല. പുനപരിശോധിക്കാനാ’ണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ലളിത കലാ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച കാര്‍ട്ടൂണിനെതിരെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീക്കെതിരായ ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. സഭയിൽ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിവാദവുമായി ബന്ധപ്പെട്ട് ക്രിസ്തീയ മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് സാംസ്‌കരിക മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. ഇതിനുള്ള വിശദീകരണമാണ്‌ മുഖ്യമന്ത്രി നൽകിയത്.