‘ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടന്ന കോളേജ് കാലം, സത്യസന്ധനായ ജീവിക്കാനറിയാത്ത പൊലീസുകാരന്‍’; സിഐ നവാസിനെക്കുറിച്ച് കുറിപ്പ്

single-img
15 June 2019

എറണാകുളം സെന്‍ട്രല്‍ സി.ഐ. വി.എസ്.നവാസിനെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ ബിജു സി.ആര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘അദ്ദേഹം ഒരു ഭീരുവല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍പെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടേയും അര്‍പ്പണബോധത്തിന്റെയും ആള്‍രൂപമാണ്’, ബിജു കുറിച്ചു.

ജീവിക്കാനറിയാത്ത പൊലീസുകാരനെന്ന് പറഞ്ഞ് അടുപ്പക്കാര്‍ കളിയാക്കുമ്പോള്‍ ചുമ്മാതെ ചിരിക്കുന്നവനായിരുന്നുവെന്നും നവാസിനെ കുറിച്ച് സുഹൃത്ത് കുറിക്കുന്നു. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയോടും സംസ്ഥാനത്തെ ഡിജിപിയോടും ഒരു ചോദ്യം കൂടി കുറിച്ച് കൊണ്ടാണ് ഫേയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. നിങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടോ? മനുഷ്യത്വവും സത്യസന്ധതയും ഉള്ള പോലീസുകാരുടെ ഗതി കാണുന്നില്ലേ? ദുഷ്ടന്മാരെ പനപോലെ വളര്‍ത്തുന്ന ഈ വ്യവസ്ഥിതി ഒരിക്കലും മാറില്ലെന്നാണോ?’

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആല്‍ഫ 2 ബ്രാവോ 7 നീ എവിടെയാണ് ? പ്ലീസ് റിപ്പോര്‍ട്ട് ടു ദ കണ്‍ട്രോള്‍ റൂം..

പൊലീസ് വയര്‍ലെസില്‍ നിന്ന് ഒരു പക്ഷെ വന്നുകൊണ്ടിരിക്കാന്‍ സാധ്യതയുള്ള ഒരു സന്ദേശമാവാമിത്. സെന്‍ട്രല്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ് നവാസിന്റെ തിരോധാനത്തിന് പ്രായമേറുകയാണ്. ബുധനാഴ്ച രാത്രി 11 മണിയോടെ നവാസിന്റെ വയര്‍ലെസ് സെറ്റിലേക്ക് ആല്‍ഫ 2 ബ്രാവോ 7 എന്ന കോഡില്‍ ഇരുപതുപതു മിനിറ്റോളം നീണ്ട മേലുദ്യോഗസ്ഥന്റെ വിളിയും ശകാരവും അസാധാരണമായ ക്ലൈമാക്‌സിലാണ് അവസാനിച്ചത്.

ജോലിസംബന്ധമായ വിഷയങ്ങളില്‍ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മില്‍ സാധാരണ കൈമാറുന്ന നിര്‍ദ്ദേശങ്ങള്‍ക്കും വാക്കുകള്‍ക്കുമപ്പുറം ആ വര്‍ത്തമാനം വ്യക്ത്യധിക്ഷേപങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടന്നപ്പോള്‍ എറണാകുളം ജില്ലയിലെ പ്രവര്‍ത്തന ക്ഷമമായ സകല വയര്‍ലെസ് സെറ്റുകളും സംഘര്‍ഷത്തിലായിക്കാണും.

കണ്ട്രോള്‍ റൂമിന്റെ കണ്ട്രോള്‍ പോയ ആ ഇരുപതുമിനിറ്റിനൊടുവില്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞുനിര്‍ത്തിയത് നവാസിന്റെ കാക്കി അഴിപ്പിക്കും എന്ന വെല്ലുവിളിയിലായിരുന്നുവെന്ന് വയര്‍ലെസിന്റെ വാക്കുകള്‍ക്കു ചെവിയോര്‍ത്ത പൊലീസുകാര്‍ പറയുന്നു. അതിനു ശേഷമാണ് ആല്‍ഫ 2 ബ്രാവോ സെവന്റെ വയര്‍ലെസും ഔദ്യോഗിക മൊബൈല്‍ ഫോണും നിശ്ചലമായത്.

ഡ്യൂട്ടി പൂര്‍ത്തിയാക്കി പുലര്‍ച്ചെ തേവരയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയ നവാസ് രാവിലെ അഞ്ചോടെ യൂണിഫോമില്ലാതെ പുറത്തുപോയി. പോകുമ്പോള്‍ ഭാര്യ ആരിഫയുടെ ഫോണിലേക്ക് സ്വന്തം ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ ഒരു സന്ദേശമയച്ചു. ഞാന്‍ ഒരു യാത്ര പോവുകയാണ്. വിഷമിക്കരുത്. പിന്നീട്ട് ആ ഫോണും നിശ്ചലമായി. ആല്‍ഫ 2 ബ്രാവോ 7. മിസ്സിംഗാണ്. നാടാകെ പോലീസും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിക്കുന്നുണ്ട്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ല.

പരമ ദരിദ്രനായ, സ്വന്തം അദ്ധ്വാനം കൊണ്ട് പഠിച്ചുയര്‍ന്നുവന്ന സത്യസന്ധനായ മനുഷ്യനാണ് അയാള്‍. ഞാന്‍ കണ്ടിട്ടുണ്ട്. കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടക്കുന്ന ഒരു കോളേജ് വിദ്യാര്‍ഥിയെ. പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് കോളെജിലെത്തുന്ന ആ പഴയ ചങ്ങാതിയെ. സാധാരണ പൊലീസുകാരനുപോലും കൈക്കൂലിയും കിമ്പളവും കിട്ടാന്‍ ഒരു പ്രയാസവുമില്ലാത്ത ഈ നാട്ടില്‍ മക്കള്‍ക്കു സമയത്ത് ഫീസ് കെട്ടാന്‍ കഴിയാതെ വരുമ്പോള്‍ കൂട്ടുകാരോട് പണം കടംവാങ്ങി ശമ്പളം കിട്ടുന്ന ദിവസം തന്നെ തിരിച്ചുകൊടുക്കുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പലര്‍ക്കും അദ്ഭുതമാണ്.

ജീവിക്കാനാറിയാത്തയാള്‍ എന്ന് പറഞ്ഞ് അടുപ്പക്കാര്‍ കളിയാക്കുമ്പോള്‍ ചുമ്മാതെ ചിരിക്കുന്നവന്‍. നവാസ് നിന്നെ പോലുള്ളവരെ ഈ നാടിനു വേണോ എന്നു ചിന്തിച്ചു പോകുന്നു. നീ സ്ഥലം മാറിപോകുമ്പോളെല്ലാം നീ ജോലി ചെയ്യുന്ന സ്‌റ്റേഷനിലെ പോലീസുകാര്‍ പോലും ആശ്വസിക്കുകയാണെന്ന്. കാരണമെന്താണെന്നോ? നീ അവരെക്കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുമെന്ന്. കക്ഷികളോട് പത്തു പൈസ വാങ്ങാനും സമ്മതിക്കാറില്ലെന്ന്. ഇപ്പോള്‍ നീ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ ആഴം എത്രയെന്ന് നിന്റെ വീട്ടുകാരും സുഹൃത്തുക്കളുമല്ലാതെ വേറെ ആരെങ്കിലും അറിയുന്നുണ്ടാവുമോ ?

സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന് സ്വന്തം വകുപ്പില്‍ നിന്ന് കിട്ടുന്ന പാരിതോഷികങ്ങളാണ്. ഇതൊക്കെ. സര്‍ക്കാരും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഡിജിപിയും ഇതൊക്കെ കാണുന്നുണ്ടോ? മനുഷ്യത്വവും സത്യസന്ധതയും ഉള്ള പോലീസുകാരുടെ ഗതി കാണുന്നില്ലേ. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തുന്ന ഈ വ്യവസ്ഥിതി ഒരിക്കലും മാറില്ലെന്നാണോ.

ആല്‍ഫ 2 ബ്രാവോ 7 നീ എവിടെയാണ്..? പ്ലീസ് റിപ്പോര്‍ട്ട് ടു ദ കണ്‍ട്രോള്‍ റൂം…
( Remesh Aroor രമേശ് അരൂര്‍ജൂണ്‍14 )