പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍; ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ സംസ്ഥാനം കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

single-img
15 June 2019

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പശ്ചിമ ബംഗാളില്‍ തുടരുന്ന റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകണമെന്നും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുണ്ടായ അതിക്രമങ്ങളിൽ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വ‍ർധൻ മമത ബാനർജി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തോട് ആദ്യം മുതല്‍ നിഷേധ നിലപാടെടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജി അയയുന്നതായി സൂചനയുണ്ട്. അക്രമത്തില്‍ പരിക്കേറ്റ ഡോക്ടറെ മമത സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബംഗാളിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 10 ന് ബന്ധുക്കള്‍ റസിഡന്‍റ് ഡോക്ടറെ മര്‍ദ്ദിച്ചത്.ബംഗാളില്‍തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറവേയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്.

അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാളിലെ പ്രശ്നം പരിഹരിക്കണമെന്നാണ് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം. അല്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും എന്നും എയിംസ് ആര്‍ഡിഎ അറിയിച്ചിരുന്നു. ബംഗാളിലെ റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 300 ലേറെ ഡോക്ടര്‍മാരാണ് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രാജി വച്ചത്.