സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തു

single-img
15 June 2019

സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ചു എന്ന് ആരോപിച്ചുകൊണ്ട്‌ ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മെവാനിക്കെതിരെ പോലീസ് കേസെടുത്തു. വല്‍സാടിലുള്ള ആര്‍എംവിഎം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജല്‍ കുമാരി പട്ടേലിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ ഒരു ജനപ്രതിനിധിയായ ജിഗ്‌നേഷ് മെവാനി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും അതില്‍ പറയുന്നപോലെ ഒരു സംഭവം സ്‌കൂളില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജല്‍ കുമാരി പട്ടേല്‍ പരാതിയില്‍ പറയുന്നു. ജിഗ്നെഷിനെതിരെ സ്കൂള്‍ അധ്യാപകര്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണെന്നും വിജല്‍ കുമാരി പറഞ്ഞു.

സ്കൂള്‍ വിദ്യാര്‍ത്ഥികളെ അര്‍ധനഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിക്കുന്നയാളുടെ വീഡിയോയാണ് മെയ് 20ന് തന്റെ ട്വിറ്ററില്‍ ജിഗ്‌നേഷ് മേവാനി പങ്കുവെച്ചത്. ഇപ്പോള്‍ പരാതിപ്പെട്ട ആര്‍എംവിഎം സ്‌കൂള്‍ അധ്യാപകനാണ് കുട്ടികളെ മര്‍ദ്ദക്കുന്നതെന്ന തരത്തിലായിരുന്നു ജിഗ്‌നേഷിന്റെ പോസ്റ്റ്. പോസ്റ്റില്‍ ജിഗ്നേഷ് പ്രധാനമന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

പ്രസ്തുത വീഡിയോ വ്യാജമാണെന്നും ഗുജറാത്തിലല്ല, മറ്റെവിടെയോ നടന്ന സംഭവമാണിതെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ജിഗ്‌നേഷ് പോസ്റ്റ് നീക്കം ചെയ്തിരുന്നു.