നിങ്ങള്‍ പുണ്യാളനെന്ന് കരുതരുത്; വിശാലിനോട് പൊട്ടിത്തെറിച്ച് വരലക്ഷ്മി

single-img
14 June 2019

Support Evartha to Save Independent journalism

നടന്‍ വിശാലിനെതിരെ വരലക്ഷ്മി ശരത് കുമാര്‍ രംഗത്ത്. നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാംപെയ്ന്‍ വീഡിയോയില്‍ വിശാല്‍, ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് വരലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച കത്തിലാണ് വിശാലിനെതിരെ വരലക്ഷ്മി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

നിങ്ങള്‍ ഒരു പുണ്യാളനാണെന്നു കരുതരുത്. നിങ്ങളുടെ ഇരട്ടത്താപ്പ് ഇന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ നിങ്ങളുടെ ഗ്രൂപ്പ് വിട്ട് മറ്റൊരു ഗ്രൂപ്പ് തുടങ്ങില്ലായിരുന്നു. എന്റെ അച്ഛന്‍ തെറ്റ് ചെയ്‌തെന്ന് ഇതുവരെയും നിങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

നിങ്ങള്‍ നേടിയത് എന്താണോ അത് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്പയിന്‍ ആണ് നിങ്ങള്‍ ഉപയോഗിച്ചത്. അദ്ദേഹം യാതൊന്നിലും ഇടപെടുന്നു പോലുമില്ല. ഇത്രയും കാലം എനിക്ക് നിങ്ങളോട് ബഹുമാനുണ്ടായിരുന്നു. ഒരു സുഹൃത്തായി ഒപ്പം നിന്നിരുന്നു. എന്നാല്‍ ഇപ്പോഴത് നഷ്ടമായി. നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തും നല്ല നടനാണ്. നിങ്ങള്‍ പറയുന്നത് പോലെ സത്യം തെളിയണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.

ശരത്കുമാറും രാധാരവിയും ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച വിശാല്‍ ഇരുവര്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. 2015ല്‍ നാസറിന്റെ നേതൃത്വത്തിലുള്ള വിശാലിന്റെ ടീമാണ് നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്.

നടികര്‍ സംഘത്തിന്റെ പുതിയ അധ്യക്ഷനേയും മറ്റ് അംഗങ്ങളേയും തിരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ ഇലക്ഷന്‍ ജൂണ്‍ 23നാണ് നടക്കുന്നത്. ശരത്കുമാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രത്തിലേ ഇല്ലെങ്കിലും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വിശാല്‍ വീണ്ടും ശരത്കുമാറിന്റേ പേര് വലിച്ചിഴയ്ക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

വിശാലിന്റെ യൂട്യൂബ് ചാനലായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ രാധാരവിയുടേയും ശരത്കുമാറിന്റേയും നേതൃത്വത്തെ വിമര്‍ശിച്ചും പരിഹസിച്ചും പരാമര്‍ശങ്ങളുണ്ട്. നേരത്തെ, മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളാണ് വിശാലും വരലക്ഷ്മിയും. വിശാലിന്റെ വിവാഹത്തോടെ ഈ ഗോസിപ്പുകള്‍ക്ക് അവസാനമായി. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നായിരുന്നു പ്രഖ്യാപനം.