സൗദി വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ആക്രമണം; അഞ്ചു ഡ്രോണുകള്‍ തകര്‍ത്തു

single-img
14 June 2019

സൗദി അറേബ്യയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം. അബഹ വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

വെള്ളിയാഴ്ച രാവിലെ അഞ്ചു ഡ്രോണുകള്‍ തകര്‍ത്തുവെന്നാണ് സൗദി സേന അറിയിച്ചത്. അബഹ വിമാനത്താവളത്തിനു പുറമെ ഖമിസ് മുസൈത്ത് നഗരത്തിലേക്കും ഡ്രോണുകള്‍ പറന്നെത്തിയിരുന്നു. സൗദി സൈന്യത്തിന്റെ പ്രധാന വ്യോമതാവളം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.

ഈ ആഴ്ചയില്‍ ഇതു രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിലേക്ക് ഹൂതികള്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ ദുരന്തത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇറാന്‍ സഹായത്തോടെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നാണ് സൗദി ആരോപിക്കുന്നത്. റോയല്‍ സൗദി എയര്‍ ഡിഫന്‍സ് സേനയും വ്യോമസേനയും ചേര്‍ന്നാണ് ഹൂതികളുടെ വ്യോമാക്രമണങ്ങളെ നേരിടുന്നത്.