നാസിക്കിലെ മുത്തൂറ്റ് ഫിനാൻസിൽ ജീവക്കാർക്കു നേരെ വെടിയുതിർത്ത ശേഷം കവർച്ചാ ശ്രമം: ഒരു മലയാളി കൊല്ലപ്പെട്ടു

single-img
14 June 2019

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള മൂത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചിൽ ഉണ്ടായ കവര്‍ച്ചാശ്രമത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.

നാസിക്കിലെ ഉന്ത്വാഡി ഭാഗത്ത് സിറ്റി സെന്റർ മാളിനടുത്തുള്ള മുത്തൂറ്റ് ബ്രാഞ്ചിലായിരുന്നു സംഭവം. രാവിലെ 11.30-നാണ് മുഖം മൂടി ഇട്ട് എത്തിയ കവര്‍ച്ചാ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മുഖം മൂടി ധരിച്ച അഞ്ചംഗസംഘം പിസ്റ്റളുകളും ഒരു കോടാലിയുമായി ബാങ്കിലേയ്ക് ഇടിച്ചുകയറുകയായിരുന്നു. അഞ്ചു ജീവനക്കാരും എട്ട് ഉപഭോക്താക്കളും അപ്പോൾ ബാങ്കിൽ ഉണ്ടായിരുന്നു. കൊള്ളക്കാർ ആദ്യം ഇവരുടെയെല്ലാം മൊബൈൽ ഫോണുകൾ തട്ടിയെടുത്തു. പണം മോഷ്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ ജീവനക്കാരിലൊരാൾ അപായ സൈറണിന്റെ സ്വിച്ച് ഓൺ ആക്കിയതോടെ പരിഭ്രാന്തരായ ഇവർ ജീവനക്കാർക്ക് നേരേ അഞ്ചുതവണ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.” നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് നാൻഗ്രേ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

കൊള്ളക്കാരുടെ വെടിയേറ്റ മലയാളിയായ സാജു സാമുവൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബാങ്കിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു.

വെടിവെയ്പ്പിൽ ബ്രാഞ്ച് മാനേജരായ സി ബി ദേശ്പാണ്ഡെ, മറ്റൊരു ജീവനക്കാരനായ കലാഷ് ജയിൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.