തന്നെ തോല്‍പ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി സന്ദേശങ്ങളുടെ പ്രളയമെന്ന് എം.ബി രാജേഷ്; ‘താന്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഉണ്ടാവണമായിരുന്നുവെന്ന് കോണ്‍ഗ്രസ്, ലീഗ് അനുഭാവികളും പറയുന്നു’

single-img
14 June 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റതോടെ സമൂഹത്തിലെ പല വിഭാഗങ്ങളില്‍ നിന്നുള്ള മുനുഷ്യരുടെ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകള്‍, ടെലഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയുടെ പ്രളയമാണെന്ന് എം.ബി രാജേഷ്.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അനുഭാവികള്‍ എന്നെ വിളിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്നെ പോലെ സമ്പത്ത്, രാജീവ്, ബാലഗോപാല്‍ എന്നിവര്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഉണ്ടാവണമായിരുന്നുവെന്ന് അവര്‍ പറയുന്നു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും എന്നീ പ്രചരണങ്ങള്‍ അവരെ സ്വാധീനിച്ചുവെന്നാണ് പറയുന്നത്. അവര്‍ക്കതില്‍ ഇപ്പോള്‍ വിഷമമുണ്ടെന്ന് രാജേഷ് പറഞ്ഞു.

2004ല്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ ത്രിപുരയും പശ്ചിമ ബംഗാളും ഉണ്ടായിരുന്നു. ഇത് ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടാവാന്‍ സഹായിച്ചു. ഇത്തവണ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമായിരുന്നു. മോദിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് പലരും കരുതി. ആ വിഭാഗങ്ങള്‍ ഇപ്പോള്‍ വിഷമത്തിലാണെന്നും രാജേഷ് പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷത്തിന് പരമ്പരാഗതമായ അടിത്തറയുണ്ട്. അത് ഞങ്ങള്‍ക്ക് ഗുണമാണ്. അത് ശക്തിപ്പെടുത്തുകയും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് എം.ബി രാജേഷ് പറഞ്ഞു.