ഹോങ്മെങ്: ആൻഡ്രോയിഡിനെ വെല്ലാൻ പുതിയ ഓഎസുമായി ഹ്വാവേ

single-img
14 June 2019

ഗൂഗിളിന്റെ ആൻഡ്രോയിഡിന് വെലുവിളിയാകാൻ പുതിയ
ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ചൈനീസ് മൊബൈൽ കമ്പനിയായ ഹ്വാവേ. ‘ഹോങ്മെങ്’ (HongMeng) എന്ന് പേരിട്ടിരിക്കുന്ന ഹ്വാവേയുടെ പുതിയ ഓഎസിന് ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം വേഗതയുണ്ടാകുമെന്നാണ് ഗ്ലോബൽ ടൈംസ് പുറത്തുവിട്ട ഒരു റിപ്പോർട്ട് പറയുന്നത്.

ഹ്വാവേയുടെ ഈ പുതിയ ഓഎസ് ടെസ്റ്റ് ചെയ്യുന്നതിനായി സയോമി, വിവോ എന്നീ ചൈനീസ് മൊബൈൽ നിർമ്മാതാക്കൾ തങ്ങളുടെ കമ്പനിയിലെ സാങ്കേതിക വിദഗ്ദ്ധരെ ഹ്വാവേയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഈ കമ്പനികളെല്ലാം ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാ‍ണ് പ്രവർത്തിക്കുന്നത്.

അമേരിക്കൻ കമ്പനിയായ ഗൂഗിളിന്റെ മൊബൈൽ ഓഎസ് രംഗത്തെ കുത്തക തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഹ്വാവേ തങ്ങളുടെ ഓഎസ് പുറത്തിറക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. യൂറോപ്പിലും കൂടാതെ 9 രാജ്യങ്ങളിലും ഹോങ്മെങ് ഓഎസിന്റെ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഹ്വാവേ അപേക്ഷ നൽകിക്കഴിഞ്ഞു.

ഗൂഗിൾ പ്ലേ സ്റ്റോർ പോലെയുള്ള ഹോങ്മെങ് ആപ്പ് ഗാലറിയ്ക്ക് വേണ്ടി ആപ്ലിക്കേഷനുകൾ ഉണ്ടാക്കുവാൻ ഡെവലപ്പർമാരെ ഹ്വാവേ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആൻഡ്രോയിഡ് ആപ്പുകൾ തടസമില്ലാതെ ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്ന ഓഎസാണ് ഹോങ്മെങ് എന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഴുവർഷത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ് ഈ ഒഎസ്.

ഹ്വാവെയെ കരിമ്പട്ടികയിൽപ്പെടുത്തിയ അമേരിക്കയുടെ നടപടിയ്ക്ക് തിരിച്ചടിയായാണ് ഇത്തരമൊരു നീക്കമെന്ന് ഫോർബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.