അടിസ്ഥാന വർഗ്ഗ ജനങ്ങൾക്കിടയിൽ നിന്നും പാർട്ടി അകന്നു; തൊഴിലാളികൾ വോട്ട് ചെയ്തത് ബിജെപിക്ക്: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി സിപിഎം

single-img
14 June 2019

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ പിന്തുണ നഷ്ടമായെന്ന വിലയിരുത്തലുമായി സിപിഎം. ജനപിന്തുണ നഷ്ടമായത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ചെന്നും പാർട്ടി വിലയിരുത്തി.

തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്‌നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന് പാർട്ടി പറയുന്നു.

രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളില്‍ പലയിടത്തും തൊഴിലാളികള്‍ ബിജെപിക്കാണ് വോട്ടു ചെയ്തതെന്ന് പാര്‍ട്ടി മുഖ മാസികയായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു പ്രകടനത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകം വോട്ടിങ് ശതമാനത്തിലെ കുറവാണ്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഒരളവുവരെ കേരളത്തിലെയും വോട്ടിങ് ശതമാനത്തില്‍ കുത്തനെയുണ്ടായ കുറവാണ് ഇതിനു കാരണം.

പശ്ചിമ ബംഗാളിലും ത്രിപുരയിലും വ്യാപകമായ അക്രമത്തിന്റെ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പു നടന്നത്. തെരഞ്ഞെടുപ്പു തിരിച്ചടിക്ക് അതു കാരണമായിട്ടുണ്ട്. എന്നാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോവുന്ന പ്രവണതയുണ്ടെന്നതും കാണാതിരുന്നുകൂടെന്നും മുഖപ്രസംഗം പറയുന്നു.

ജനങ്ങളിലേക്കിറങ്ങുക എന്നതാണ് പിന്തുണ തിരിച്ചുപിടിക്കുന്നതിനു പാര്‍ട്ടി ചെയ്യേണ്ടത്. അകന്നുപോയ ജനങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിന് അവരെ കേള്‍ക്കുകയും കാഴ്ചപ്പാടുകള്‍ മനസിലാക്കുകയും വേണം. അങ്ങനെ അവരുടെ വിശ്വാസത്തെ തിരിച്ചുപിടിക്കണം. തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും തിരിച്ചെത്തിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖപ്രസംഗം പറയുന്നു.