ശബരിമല തിരിച്ചടിയായി; തോൽവി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു: സിപിഎം കേന്ദ്രക്കമ്മിറ്റി റിപ്പോർട്ട്

single-img
14 June 2019

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് വനിതാ മതിൽ നടത്തിയതിന് തൊട്ടുപിന്നാലെ ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ എം കേന്ദ്രക്കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.

സുപ്രീം കോടതി വിധിയ്ക്ക് ശേഷം വിശ്വാസികൾക്കിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുക്കുന്നതിനായി യുവതിപ്രവേശനത്തിലെ തങ്ങളുടെ മുൻനിലപാടുകൾ വിസ്മരിച്ചുകൊണ്ട് കോൺഗ്രസ്, ആർഎസ്എസ്, ബിജെപി എന്നീ കക്ഷികൾ സർക്കാരിനും ഇടതുപക്ഷത്തിനുമെതിരായി വിനാശകരമായ പ്രചാരണങ്ങൾ നടത്തിയെന്നും റിപ്പോർട്ടിൽപ്പറയുന്നു. ഇടതുപക്ഷത്തെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന കുറച്ചുപേരെയെങ്കിലും പാർട്ടിയിൽ നിന്നകറ്റാൻ ഇത്തരം പ്രചാരണങ്ങൾക്ക് സാധിച്ചുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ എന്നീ മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും ബിജെപി തങ്ങളുടെ വോട്ടിന്റെ ഒരു ഭാഗം യുഡിഎഫിന് മറിച്ചുനൽകിയെന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തുന്നു. എന്നാൽ ഇത്തരത്തിൽ വോട്ട് മറിച്ചുനൽകിയിട്ടും ബിജെപിയുടെ വോട്ടുശതമാനം 15.6 ശതമാനമായി ഉയർന്നത് ഗൌരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേന്ദ്രത്തിൽ ബി.ജെ.പിക്ക് ബദലായി മതേതര സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് പ്രചരിപ്പിച്ചതും രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിച്ചതും ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്‌ടപ്പെടുത്തുന്നതിലേക്ക് വഴിവച്ചു.വോട്ടെടുപ്പിന് ശേഷവും കേരളത്തിൽ വിജയിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. വിലയിരുത്തൽ തെറ്റിയത് അന്വേഷിക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സി.പി.എം വ്യക്തമാക്കുന്നു.

റിപ്പോർട്ടിൽ കേരളത്തിലെ തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന ഭാഗത്തിന്റെ പൂർണ്ണരൂപം