വലിയ തുറയിൽ പ്രതിഷേധം: മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു

single-img
13 June 2019

ജലവിഭവ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ സന്ദർശനത്തിനിടെ വലിയതുറയിൽ പ്രതിഷേധം. കടൽഭിത്തി നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വേലിയേറ്റത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കാൻ 12 മണിയോടെയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടിയും എംഎൽഎ വിഎസ് ശിവകുമാറും വലിയതുറയിലെത്തിയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങൾ വരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്ന് പറഞ്ഞാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവെച്ചത്. കരിങ്കല്ലിറക്കി കടൽ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേൽനോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികൾ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിൽ നിന്ന് മന്ത്രിയെയും എംഎൽഎയെയും പൊലീസ് പുറത്തെത്തിച്ചത്.

മൺസൂൺ ആരംഭിച്ചതിന് ശേഷം വലിയ തോതിലുള്ള കടൽക്ഷോഭമാണ് വലിയതുറയിലെ തീരദേശവാസികൾ നേരിടുന്നത്. 15 വീടുകളാണ് ഇതിനകം പൂർണമായും തകർന്നത്. നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതേതുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി പ്രദശവാസികളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്