ഇന്ത്യസ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കും; 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും: കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി

single-img
13 June 2019

2022ലെ സ്വാതന്ത്ര്യദിനത്തോട് ബന്ധപ്പെട്ട് ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗയാൻ പദ്ധതി വിജയകരമായി പൂർത്തിയാക്കുമെന്ന് കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്രസിങ്. പദ്ധതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും പദ്ധതിയിടുന്നതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു. ഇരുവരും മാധ്യമങ്ങളെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികമാണ് 2022. അതുമായി ബന്ധപ്പെട്ട് ഇക്കുറി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. അതിനുവേണ്ട മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പദ്ധതിക്ക് ആവശ്യമായ 10000 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചതായി ജിതേന്ദ്രസിങ് പറഞ്ഞു.

ബഹിരാകാശ ദൗത്യത്തിന് വേണ്ടി രണ്ടോ മൂന്നോ യാത്രികരെ കണ്ടെത്തും. തുടർന്ന് ഇവർക്ക് മൂന്നുമാസത്തെ പരിശീലനം നൽകും. തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഒരാൾ സ്ത്രീയായിരിക്കുമെന്ന സൂചനയും ഐഎസ്ആർഒ നൽകി. അതേസമയം ജൂലൈ 15ന് ചന്ദ്രയാൻ രണ്ടുമായി ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റ് കുതിച്ചുയരുമെന്ന് കെ ശിവൻ അറിയിച്ചു.