ശിഖര്‍ ധവാന്‍ ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ ടീമിൽ തിരിച്ചെത്തും; ആരാധകർക്ക് പ്രതീക്ഷനൽകി വിരാട് കോലി

single-img
13 June 2019

ഓസ്ട്രേലിയയുമായുള്ള കളിയില്‍ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ‘ഇപ്പോള്‍ ധവാന്‍റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ടീം നിരീക്ഷിച്ചുവരികയാണ്. ടൂര്‍ണമെന്റിലെ ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും’ നോട്ടിംഗ്‌ഹാമില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ച ശേഷം കോലി പറഞ്ഞു.

Support Evartha to Save Independent journalism

പരിക്കിനെ തുടര്‍ന്ന് ധവാന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ധവാനെ ലോകകപ്പിനുള്ള ടീം സ്‌ക്വാഡില്‍ നിലനിര്‍ത്തിയ മാനേജ്‌മെന്‍റ് അദ്ദേഹത്തിന് കളിക്കാനായേക്കുമെന്ന് സൂചനകള്‍ നല്‍കി. അതേസമയം ധവാന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന ഋഷഭ് പന്തിനെഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ധവാന് പകരക്കാരനാണെന്ന പ്രഖ്യാപനം ടീം നടത്തിയില്ല.

ടീം മാനേജ്മെന്റിന്റെ ഈ സൂചനയിലൂടെ ധവാന്‍റെ പരിക്ക് ഭേദമാകുമെന്ന സൂചനയാണ് ടീം നല്‍കിയത്. ഇത് ഉറപ്പിക്കുന്നതാണ് കോലിയുടെ വാക്കുകളും. ലോകകപ്പിലെ അവസാന ലീഗ് മത്സരം കഴിയും വരെയും ധവാന്‍റെ പരിക്ക് മാറുമോയെന്ന് നോക്കാമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം.