സൗദിയിൽ 18കാരന് വധശിക്ഷ

single-img
13 June 2019

ഷിയാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരില്‍ 13-ാം വയസ്സില്‍ അറസ്റ്റിലായ സൗദി പൌരനെ വധശിക്ഷക്ക് വിധിച്ചുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ‘ഭീകര സംഘടന’യില്‍ ചേര്‍ന്നു, ‘രാജ്യദ്രോഹ കുറ്റം’ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് മുർത്താസ എന്ന, ഇപ്പോള്‍ പതിനെട്ടു വയസ്സുള്ള, യുവാവിനുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

2011-ൽ സൗദി അറേബ്യയിൽ അറബ് വസന്ത പ്രക്ഷോഭം അലയടിക്കുന്ന കാലം. തങ്ങൾക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾക്കായി ഉറക്കെ മുദ്രാവാക്യം വിളിച്ച് സൗദിതെരുവുകൾ കീഴടക്കിയ സമരക്കാർക്കൊപ്പം മുർത്താസയുമുണ്ടായിരുന്നു.

സൗദിയുടെ കിഴക്കൻപ്രവിശ്യയിൽനടന്ന കുട്ടികളുടെ സൈക്കിൾറാലിയിൽ അവൻ പങ്കെടുത്തു. പ്രക്ഷോഭത്തിനിടെ മുർത്താസയുടെ മൂത്തസഹോദരൻ അലി ഖുറൈറിസ് കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് മൂന്നുവർഷത്തിനുശേഷം സൗദി ഭരണകൂടത്തിനെതിരേ നടന്ന ബൈക്ക് റാലിയിലും മുർത്താസ പങ്കെടുത്തു.

അന്നാണ് അവൻ അറസ്റ്റിലാകുന്നത്. അന്ന് മുർത്താസയ്ക്ക് പ്രായം 13. അറസ്റ്റിലാകുന്ന ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രീയത്തടവുകാരനായിരുന്നു അവൻ. 2014 സെപ്റ്റംബർ മുതൽ വിചാരണത്തടവുകാരനായി കഴിയുന്ന മുർത്താസ ഏതുനിമിഷവും വധശിക്ഷയ്ക്ക് വിധേയനായേക്കാമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.

ദേശീയസുരക്ഷയെ ബാധിക്കുന്ന കുറ്റമെന്ന നിലയിൽ മുർത്താസക്കേസിന്റെ വിവരങ്ങൾ സൗദി ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഏപ്രിലിൽ സൗദി 37 പേരുടെ വധശിക്ഷ നടപ്പാക്കിയതോടെയാണ് മുർത്താസയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കയുയർന്നത്.

മുർത്താസയെ മോചിപ്പിക്കണമെന്നും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വധശിക്ഷയെ മാർഗമാക്കുന്നത് ഉപേക്ഷിക്കണമെന്നും സൗദിഭരണകൂടത്തോട് ആവശ്യപ്പെടുന്നതായി ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.

2014-മുതൽ സൗദി അറേബ്യയിലെ ഭീകരവിരുദ്ധ കോടതിക്ക് മുമ്പാകെ നൂറോളം ഷിയാ വിഭാഗക്കാരാണ് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സർക്കാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളും കുറ്റങ്ങളും ആണ്അവര്‍ക്കുമേല്‍ ചുത്തപ്പെട്ടിരിക്കുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. 2016-ൽ സൌദിയിലെ ഏറ്റവും വലിയ ഷിയാ നേതാവായ ശൈഖ് നിംർ അൽ-നിംറിനെ സൗദി അറേബ്യ വധിച്ചിരുന്നു.