മുഹമ്മദ് ആമിറിനെ ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദി ‘പൊലീസ് മുറ’ പ്രയോഗിച്ചാണ് സത്യം പറയിച്ചത്: വെളിപ്പെടുത്തലുമായി റസാഖ്

single-img
13 June 2019

പാക്കിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2010 ലെ വാതുവയ്പു വിവാദവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. സംഭവത്തിൽ ആരോപണ വിധേയനായ പേസ് ബോളർ മുഹമ്മദ് ആമിറിനെ ടീം ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദി ‘പൊലീസ് മുറ’ പ്രയോഗിച്ചാണ് സത്യം പറയിച്ചതെന്നാണ് വെളിപ്പെടുത്തൽ.

2010ൽ ആണ് മുഹമ്മദ് ആമിർ അന്നത്തെ പാക്ക് ക്യാപ്റ്റൻ സൽമാൻ ബട്ട്, പേസർ മുഹമ്മദ് ആസിഫ് എന്നിവരോടൊപ്പം ഒത്തുകളി വിവാദത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ മനപ്പൂർവം നോബോൾ എറിയുകയായിരുന്നു ആമിറിന്റെ ‘റോൾ’. ലോർഡ്സ് ആയിരുന്നു വേദി. ആമിർ കുറ്റം സമ്മതിച്ചു. സൽമാൻ ബട്ടിന് 10 വർഷവും മുഹമ്മദ് ആസിഫിന് ഏഴുവർഷവും ആമിറിന് അഞ്ചുവർഷവും വിലക്കു ലഭിച്ചിരുന്നു.

ഒത്തുകളി വിവാദത്തിൽ ഉൾപ്പെടുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു ആമിറിന്റെ പ്രായം. സംഭവത്തെക്കുറിച്ച് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ആമിറിനോടു വിശദീകരണം തേടുമ്പോൾ താനും കൂടെയുണ്ടായിരുന്നു എന്നാണ് റസാഖിന്റെ വെളിപ്പെടുത്തൽ. ഇതിനിടെ അഫ്രീദി തന്നോടു റൂമിനു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ അകത്തുനിന്ന് അടിപൊട്ടുന്ന ശബ്ദം കേട്ടതായും അതിനുശേഷം ആമിർ ഉള്ള കാര്യം തുറന്നുപറഞ്ഞുവെന്നും റസാഖ് വെളിപ്പെടുത്തി.