വലിയ വീടും, കാര്‍ അടക്കമുള്ള വാഹനങ്ങളുമുണ്ടെങ്കിലും ദരിദ്രർ: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ 1,577 ഉയർന്ന വരുമാനമുള്ള കുടുംബങ്ങളെ കണ്ടെത്തി

single-img
13 June 2019

റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ ഉയര്‍ന്ന വരുമാനക്കാരായ 1,577 കുടുംബങ്ങളെ കണ്ടെത്തി. മുന്‍ഗണന പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയവരെ കുറിച്ചുളള സ്‌പ്ലൈ വകുപ്പിന്റെ അന്വേഷണത്തിലാണ് ഇവരെ എറണാകുളം ജില്ലയില്‍ കണ്ടെത്തിയത്. താഴേത്തട്ടിലുള്ളവരുടെ റേഷന്‍ ആനുകൂല്യം കവര്‍ന്നെടുത്തതിലൂടെ ഇവര്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാമഗ്രികളുടെ വില തിരിച്ചു പിടിക്കും.

വലിയ വീടും, കാര്‍  അടക്കമുള്ള വാഹനങ്ങളും സ്വന്തമായുള്ളവരാണ് ദരിദ്ര വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡ് കൈവശം വച്ച് ആനുകൂല്യം കൈപ്പറ്റുന്നത്. ആലുവ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ഈ മേഖലയില്‍ മാത്രം ഉയര്‍ന്ന വരുമാനക്കാരായ 338 കുടുംബങ്ങളില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് കണ്ടെത്തി. പരിശോധന തുടരാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു

നടപടികളുടെ ഭാഗമായി ഇവരുടെ കാര്‍ഡുകള്‍ എപിഎല്‍ വിഭാഗത്തിലേക്കു മാറ്റി. സപ്ലൈ വകുപ്പിന്റെ ഒട്ടേറെ സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ തോറും നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.റേഷന്‍ കാര്‍ഡ് പരിശോധനയിലാണ് ഇത്രയും പേര്‍ അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ഏറ്റവും ദരിദ്രവിഭാഗക്കാരായ അന്ത്യോദയ-അന്നയോജന കാര്‍ഡുകള്‍ തരപ്പെടുത്തി ആനുകൂല്യം വാങ്ങിയിരുന്ന 312 കുടുംബങ്ങളെയും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.