പ്രകാശ് തമ്പി സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണ്ണായക കണ്ണി; ആറ് തവണയായി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയത് അറുപത് കിലോ സ്വര്‍ണം

single-img
13 June 2019

ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണിയാണെന്ന് ഡിആര്‍ഐയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് ഡിആർഐ കേരളാ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തിന്‍റെ പ്രധാന സൂത്രധാരൻ വിഷ്ണു സോമസുന്ദരം സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രകാശ് തമ്പി കടത്തിയ സ്വര്‍ണത്തെ കുറിച്ചും വെളിപ്പെടുത്തുന്നത്.

പ്രകാശ് തമ്പി ആറ് തവണയായി അറുപത് കിലോ സ്വര്‍ണംവിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്ന് ഡിആര്‍ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്വര്‍ണക്കടത്തിനായി മാത്രം ആറ് തവണ പ്രകാശ് തമ്പി ദുബായിക്ക് പോയി. ഓരോ തവണയും പത്ത് കിലോ സ്വര്‍ണം വീതം പ്രകാശ് തമ്പി കടത്തി കൊണ്ടു വന്നു.

നിലവിൽ ഒളിവിലുള്ള വിഷ്ണവുമാണ് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സഹകരിച്ച് സ്വര്‍ണക്കടത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്. വിദേശത്തുനിന്നും നിന്നും കാരിയര്‍മാര്‍ വഴി കടത്തി കൊണ്ടു വരുന്ന സ്വര്‍ണം ബിജു, വിഷ്ണു, അബ്ദുള്‍ ഹക്കീം എന്നിവരാണ് കേരളത്തിലെ ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുത്തത്.