കാർട്ടൂൺ വിവാദത്തിന് പിന്നാലെ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന് വധ ഭീഷണി

single-img
13 June 2019

മതചിഹ്നങ്ങളെ അപമാനിച്ചു എന്ന് ആരോപണം ഉയർന്ന കാർട്ടൂൺ വിവാദത്തിന് പിന്നാലെ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന് വധ ഭീഷണി. അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് പൊന്യം ചന്ദ്രന്‍ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. ഈ വിഷയത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമിയുടെ ഓഫീസിൽ ഫോൺ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അക്കാദമിയെ സംബന്ധിച്ച് ഒരു അവാർഡ് പ്രഖ്യാപിച്ച ശേഷം അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ വിവാദമായ അംശവടി മത ചിഹ്നം അല്ല അധികാര ചിഹ്നം ആണ്. അഥവാ മത ചിഹ്നങ്ങളെ ചോദ്യം ചെയ്യുന്നതിൽ പ്രശ്നം ഉണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിവാദം ഉണ്ടായതിനാൽ പുനഃപരിശോധന നടത്തും. പുരസ്ക്കാരം പിന്‍വലിക്കണമെന്ന് ആരും പറ‌ഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ തന്നെ ഒരു പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച സുഭാഷ് കെ കെ വരച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.