തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്

single-img
13 June 2019

വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പി സി ജോര്‍ജ് എംഎല്‍എ. പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരമര്‍ശത്തിനെതിരേ മുസ്‌ലിം സമുദായത്തില്‍ നിന്നും പ്രതിഷേധം ശക്തമാവുകയും ജോര്‍ജിനെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതോടെയാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

വിഷയത്തില്‍ മുസ്‌ലിങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും പി.സി ജോര്‍ജ് ഖേദ പ്രകടനത്തില്‍ പറയുന്നു.

എന്റേതായി പ്രചരിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണ വിളിക്കുകയും പല പ്രാവിശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍, പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്ന ഇസ്‌ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തില്‍ എന്റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.

ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോര്‍ജ് മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.