ഫ്രാങ്കോ ഭക്തർ അറിയാൻ; കഴിഞ്ഞവർഷത്തെ ലളിതകലാ അക്കാദി അവാർഡ് ലഭിച്ചത് പിണറായിയെ മരണവ്യാപാരിയായി ചിത്രീകരിച്ച കാർട്ടുണിന്: പുരസ്കാരം നൽകിയതും മുഖ്യമന്ത്രി

single-img
13 June 2019

ലളിത കലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരം സംബന്ധിച്ചുയർന്ന വിവാദം കെട്ടടങ്ങുന്നില്ല.  കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിമര്‍ശിച്ചുകൊണ്ട് കെ കെ സുഭാഷ് വരച്ച കാര്‍ട്ടൂണിനായിരുന്നു ഇത്തവണ ലളിതകല അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. പ്രസ്തുത കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണന്ന വിമര്‍ശനവുമായി കത്തോലിക്ക സഭ രംഗത്തു വരികയായിരുന്നു. ഇതിനെ തുടർന്ന് കെ കെ സുഭാഷിന് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കാൻ സര്‍ക്കാര്‍ ലളിതകല അക്കാദമിയോട് നിർദ്ദേശിക്കുകയും ചെയ്തു.

അവഹേളനപരമായ ഉള്ളടക്കം എന്നാണ് സുഭാഷിന്റെ കാര്‍ട്ടൂണിനെ മന്ത്രി എകെ ബാലൻ പരാമര്‍ശിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയത്തെ അംഗീകരിക്കുമ്പോഴും അതില്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നു മന്ത്രി വിശദീകരിച്ചിരുന്നു.

എന്നാൽ ഇതേസമയം കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച കാർട്ടൂണിനായിരുന്നു ലളിതകലാ അക്കാദമിയുടെ  പുരസ്കാരം ലഭിച്ചതെന്ന കാര്യവും ചൂണ്ടിക്കാണമിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെന മരണത്തിൻ്റെ മൊത്തവ്യാപാരിയായി ചിത്രീകരിച്ച കാർട്ടുണിനായിരുന്നു പുരസ്കാരം ലഭിച്ചത്. മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ ഗോപീ കൃഷ്ണനായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്.

`കടക്ക് പുറത്ത്´ എന്ന തലക്കെട്ടിലുള്ള കാർട്ടൂണിന് പുരസ്കാരം നൽകാൻ എത്തിയതും മുഖ്യമന്ത്രി തന്നെയായിരുന്നു. ആ കാർട്ടൂണിനെ മികച്ച ആവിഷ്കാരമായി ഉൾക്കൊള്ളാനും കാർട്ടൂണിസ്റ്റിന് പുരസ്കാരം നൽകാനും പിണറായി മുന്നോട്ടുവന്നുവെന്ന കാര്യവും ഈ വിഷയത്തോട് അനുബന്ധിച്ച് സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.