2 മണിക്കുള്ളില്‍ ജോലിക്ക് കയറിയില്ലെങ്കില്‍ നടപടിയെന്ന്‍ മമതാ ബാനര്‍ജി; താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍

single-img
13 June 2019

പശ്ചിമംബംഗാളിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തപക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് താക്കീതുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ സമരത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയുണ്ടെന്നും മമത പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ താക്കീതിന് മുന്നില്‍ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. മുഖ്യമന്ത്രിയുടെ സമരത്തോടുള്ള പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഡോക്ടര്‍മാരുടെ സംഘം ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ടിരുന്നു. സമരവും അതിന്റെ ആവശ്യകതയും ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഡോക്ടര്‍മാരുടെ സംഘം പറയുന്നു.

മുൻപ് ആശുപത്രിയിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് അവർ മമതയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തിൽ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഈ സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.