പശു അഞ്ചു പവൻ്റെ താലിമാല വിഴുങ്ങിയതറിയാതെ ഉടമ വിറ്റു; രണ്ടുവർഷത്തിനു ശേഷം മാല തിരിച്ചുകിട്ടി, ചാണകത്തിൽ നിന്നും

single-img
13 June 2019

പശു വിഴുങ്ങിയ അഞ്ചുപവൻ്റെ താലിമാല ഉടമസ്ഥർക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചു കിട്ടി. തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ താലിമാലയാണ് വർഷങ്ങൾക്കു ശേഷം ചാണകത്തിലൂടെ തിരിച്ചു കിട്ടിയത്.

രണ്ടു കൊല്ലം മുമ്പ് ദുരൂഹസാഹചര്യത്തിലാണ് മാല അപ്രത്യക്ഷമാകുന്നത്. അരിച്ചുപെറുക്കി നോക്കിയിട്ടും മാല കിട്ടാതിരുന്നതോടെ അഞ്ച് പവന്റെ മാല അവര്‍ അങ്ങ് മറന്നു. പശുവിനേയും വിറ്റു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശമഷം അധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണ് ഇവരുടെ മാല കിട്ടിയത്.

കൃഷി ആവശ്യത്തിനായി ഇവര്‍ ചാണകം വാങ്ങുന്ന പതിവുണ്ട്. വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരന്റെ കൈയില്‍ നിന്ന് 6 മാസം മുന്‍പ് ഇവര്‍ ചാണകം വാങ്ങിയിരുന്നു. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5നാണ് ചാണകത്തിനിടയില്‍ നിന്നും താലിയും മാലയും ദമ്പതികള്‍ക്ക് ലഭിക്കുന്നത്.

താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. തുടര്‍ന്നാണ് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയത്. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ടതോടെയാണ് ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെടുന്നത്.

2 വര്‍ഷം മുന്‍പു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പെന്നും ഇല്ല്യാസ് പറഞ്ഞു.