എഎൻ 32 അപകടം: വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് വ്യോമസേന

single-img
13 June 2019

13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എൻ.-32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. തിരച്ചിൽ സംഘം വിമാനം തകർന്ന പ്രദേശത്തെത്തി. സൈനികരടങ്ങിയ സംഘം ഇവിടെ പരിശോധന നടത്തി വരികയാണ്. മൃതദേഹങ്ങളടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ തിരച്ചിൽ സംഘം.

8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി കോർപറൽ എൻ.കെ. ഷരിൻ, അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് മരിച്ച മലയാളികൾ.

കാണാതായി എട്ടു ദിവസങ്ങൾക്കുശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായത്. അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ മെചുക ലാൻഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോൾ ജൂൺ 3നാണ് ഇരട്ട എൻജിനുള്ള റഷ്യൻ നിർമിത എഎൻ 32 വിമാനം കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു.