പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘം എത്തുന്നു

single-img
13 June 2019

മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിന്റെ അപാകതകളാല്‍ പാലാരിവട്ടം മേല്‍പ്പാലത്തിനുണ്ടായ ബലക്ഷയം പരിശോധിക്കുന്നതിനായി ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പാലത്തില്‍ പരിശോധന നടത്തും.

വിഷയത്തില്‍ അറിവുള്ള കോൺക്രീറ്റ് വിദഗ്ധൻ തന്നെ പാലം പരിശോധിക്കണമെന്ന് കൂടികാഴ്ചയില്‍ ഇ ശ്രീധരൻ ആവശ്യപ്പെട്ടു. അതിനായി ഐഐടി വിദഗ്ധൻ അളകസുന്ദരമൂർത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും. സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സര്‍ക്കാര്‍ തീരുമാനിക്കും. ഇപ്പോഴുള്ള അപാകതകള്‍ താല്‍ക്കാലികമായി പരിഹരിച്ച് പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടുന്നത്.

ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കണമെന്നും തല്‍സ്ഥാനത്ത് പുതിയ പാലം പണിയണമെന്നും കഴിഞ്ഞ ദിവസം ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ശ്രീധരന്റെ ഉപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പാലത്തിന്റെ നിര്‍മ്മാണം മുതല്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘവും പാലം പൊളിച്ചുനീക്കി പുതിയത് പണിയണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.