കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത് ഷാ

single-img
13 June 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകൾനേടി അധികാരം നിലനിർത്താൻ കഴിഞ്ഞുവെങ്കിലും ബിജെപി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ. ബിജെപി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തുകയും പഞ്ചായത്ത് മുതൽ പാർലമെന്റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങൾ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ബിജെപിയുടെ വളർച്ച പൂർണമാകൂ. 

കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം. നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആധാരമെന്ന് അമിത് ഷാ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ തുടങ്ങും. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ശിവ്‍രാജ് സിങ് ചൗഹാന്‍ അധ്യക്ഷനായി രൂപീകരിച്ച അഞ്ചംഗസമിതിയില്‍ ശോഭ സുരേന്ദ്രന്‍ അംഗമാണ്.

ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെയാകും പാര്‍ട്ടിയെ നയിക്കുക. സംഘടന സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്. ജെ.പി നഡ്ഡ വര്‍ക്കിങ് പ്രസിഡന്‍റാകാനാണ് സാധ്യത.