അടുത്ത തവണയും മോദി ഇന്ത്യ ഭരിക്കും; വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ല; തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്: വെള്ളാപ്പള്ളി നടേശന്‍

single-img
12 June 2019

ശബരിമലയില്‍ യുവതി പ്രവേശം ഇപ്പോള്‍ പാടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് ഇപ്പോള്‍ എല്‍ഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ല. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന് മാടമ്പിത്തരമാണ്. എന്‍.എസ്.എസ് കാറ്റു നോക്കി തൂറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ആരിഫിനെ നിര്‍ത്തിയത് മുസ്ലിം വോട്ട് ബാങ്ക് നോക്കിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വിപ്ലവ പാര്‍ട്ടി പോലും ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം കണിച്ചുകുളങ്ങരയില്‍ പറഞ്ഞു.