ട്രെയിനപകടം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ വസ്ത്രം വലിച്ചുകീറി, വായില്‍ മൂത്രമൊഴിച്ചു കൊടുത്തു: യുപി റെയില്‍വേ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
12 June 2019

Support Evartha to Save Independent journalism

ഉത്തര്‍പ്രദേശില്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. പടിഞ്ഞാറന്‍ യുപിയിലെ ഷംലിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ധീമാന്‍പുരയ്ക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അമിത് ശര്‍മയെയാണ് റെയില്‍വേ പൊലീസ് മര്‍ദിച്ചത്.

ന്യൂസ്24 ലെ റിപ്പോര്‍ട്ടറാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ‘അവര്‍ സാധാരണ വസ്ത്രത്തിലായിരുന്നു. ഒരാള്‍ എന്റെ ക്യാമറ തട്ടി താഴെയിട്ടു. അതെടുക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നെ അടിക്കുകയും അവഹേളിക്കുകയുമായിരുന്നു. എന്നെ പൂട്ടിയിട്ട് വസ്ത്രം വലിച്ചു കീറി, വായില്‍ മൂത്രമൊഴിച്ചു.’ അമിത് ശര്‍മ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് ജി.ആര്‍.പി ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ ചീത്തവിളിച്ചത് ഇവര്‍ രണ്ടുപേരുമായിരുന്നു. മൊറാബാദ് ജി.ആര്‍.പി എസ്.പിയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകനെ വലിച്ചിഴച്ച് ജി.ആര്‍.പി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ മോചിപ്പിക്കാനുളള ഉത്തരവ് വന്നതുവരെ അദ്ദേഹം തടവില്‍ തന്നെയായിരുന്നു. റെയില്‍വേ പൊലീസ് സേനയെ വിമര്‍ശിച്ച് താന്‍ ചെയ്ത റിപ്പോര്‍ട്ടുകളാണ് ആക്രമണത്തിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷന് പുറത്തു പ്രതിഷേധിച്ച സഹപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ച സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവം പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.