വീണ്ടും ശബരിമല; മീനമാസ പൂജാ സമയത്ത് വിരമിച്ച ഒരു ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസില്‍ ഒരു സ്ത്രീ ഒരു ദിവസം മുഴുവൻ തങ്ങിയതായി ആരോപണം

single-img
12 June 2019

എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ശബരിമല വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കേ കഴിഞ്ഞ മീനമാസ പൂജാ സമയത്ത് ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ. ബോര്‍ഡില്‍ ഏറെ സ്വാധീനമുള്ള വിരമിച്ച ഒരു ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ ഒരു സുപ്രധാന മുറിയില്‍ ഒരു സ്ത്രീ ഒരു ദിവസം തങ്ങിയെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു സ്ഥാപനത്തിലെ ഉന്നത പദവി വഹിച്ചിരുന്ന സ്ത്രീയാണു ഗസ്റ്റ്ഹൗസിലെത്തിയതെന്നും സഝചനകളുണ്ട്.  പ്രായത്തിന്റെ കാര്യത്തില്‍ സാങ്കേതികമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു തടസമില്ലെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

സംഭവം ബോര്‍ഡില്‍ അങ്ങാടിപ്പാട്ടാണെങ്കിലും ഭരണകക്ഷിയില്‍ ഉന്നത സ്വാധീനമുള്ള മുന്‍ ഉദ്യോഗസ്ഥനെ പേടിച്ച് സംഭവം പുറത്ത് അറിയിക്കാതെ സൂക്ഷിക്കുന്നു. ദേവസ്വം ബോര്‍ഡില്‍നിന്നു വിരമിച്ച ഇയാള്‍ സിപിഎമ്മിന്റെ നോമിനിയായി ഇപ്പോഴും ബോര്‍ഡില്‍ ഉന്നത പദവിയില്‍ ഇരിക്കുകയാണെന്നും

നിലവിലെ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി ഇയാളാണു ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും മംഗളം റിപ്പോർട്ടിൽ പറയുന്നു.

ഇരുവരും ഗസ്റ്റ്ഹൗസിലെ മുറിയിലുണ്ടെന്ന വിവരമറിഞ്ഞു ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നതന്‍ എത്തിയെങ്കിലും ഇരുവരും വിദഗ്ധമായി രക്ഷപ്പെട്ടുവെന്നാണ് സൂചനകൾ. സന്നിധാനത്ത് ആള്‍മാറാട്ടത്തിനു ദേവസ്വം വിജിലന്‍സ് പിടികൂടിയ ചെെന്നെ സ്വദേശിക്കു ശബരിമല സ്‌പോണ്‍സര്‍മാരുടെ ഏകോപന ചുമതല നല്‍കിയ നടപടി വിവാദമായതിനു പിന്നാലെയാണ് ഈ സംഭവം.

ചെെന്നെ സ്വദേശിയുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ദേവസ്വം എസ്.പി. ബോര്‍ഡിനു നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ഇയാള്‍ക്ക് പ്രത്യേക ചുമതല നല്‍കിയത്. കഴിഞ്ഞ മകരവിളക്ക് കാലത്തു ദേവസ്വം വിജിലന്‍സ് ഇയാളുടെ മുറിയില്‍നിന്നു നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിരുന്നു.