സുഡാനിൽ കലാപം അടിച്ചമർത്തി സമാധാനം സ്ഥാപിക്കാനെത്തിയ സെെന്യം ബലാത്സംഗം ചെയ്തത് സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ 70 ലധികം പേരെ

single-img
12 June 2019

സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമില്‍ സമാധാനം സ്ഥാപിക്കാനും കലാപകാരികളെ ഓടിക്കാനും എത്തിയ സൈന്യം ബലാത്സംഗം ചെയ്തത് 70 ലധികം പേരെയെന്ന് റിപ്പോർട്ടുകൾ. കലാപകാരികള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ 108 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സുഡാനില്‍ സൈന്യം ലൈംഗിക പീഡനത്തിന് ഇരയാക്കിയത് സ്ത്രീകളെ മാത്രമായിരുന്നില്ലെന്നും അന്തർദേശിയ മാധ്യമങ്ങൾ പറയുന്നു.

ഇടക്കാല സൈനിക ഭരണകൂടത്തിനെതിരേ ജനാധിപത്യം ആവശ്യപ്പെട്ടുള്ള സമരമാണ് കലാപമായി മാറിയത്. ഇത് അടിച്ചമർത്താനാണ് സെെന്യം രംഗത്തിറങ്ങിയത്. ആശയവിനിമയത്തിന് കടുത്ത നിയന്ത്രണം ഉള്ളതിനാല്‍ ബലാത്സംഗ സംഭവത്തിന്റെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. ഖാർത്തൂമിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച എഴുപതിലേറെ പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാരുടെ സെൻട്രൽ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഖാർത്തൂമിലെ റോയൽ കെയർ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ എട്ടു പേരിൽ, അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും, ബലാത്സംഗം ചെയ്യപ്പെട്ടതായി ഒരു ഡോക്ടര്‍ വ്യക്തമാക്കി.

സൈന്യത്തി​ന്റെ ക്രൂരപീഡനത്തിന് ഇരയായ ഒട്ടേറെ പേര്‍ ചികിത്സ തേടിയിട്ടില്ല. മതിയായ ചികിത്സ കിട്ടില്ലെന്ന മുന്‍വിധികളും സൈന്യം പ്രതികാര നടപടിക്ക് മുതിരുമോ എന്ന ആശങ്കയും ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ മതിയായ സുരക്ഷ ഇല്ലെന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഏകാധിപതിയായിരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സൈന്യം സുഡാന്റെ അധികാരം ഏറ്റെടുത്തത്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അതോടെ സൈന്യത്തിനെതിരെ ജനകീയ സമരവും ശക്തമായി. മൂന്നു വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള പട്ടാളവും പ്രക്ഷോഭകരും തമ്മിലുള്ള കരാറിൽ ഒപ്പുവയ്ക്കുന്നതിൽ സൈന്യം നാടകീയമായി പിന്മാറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.