മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കില്ല

single-img
12 June 2019

കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാന്‍ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോകുന്നത്.

ബിഷ്‌ഹേക്കിലേക്കു വിവിഐപി വിമാനം പറത്തുന്നതിന് രണ്ടു സാധ്യതകളാണ് സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതില്‍ ഒമാന്‍, ഇറാന്‍, മധേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിയുടെ ബിഷ്‌ഹേക്കിലേക്കു വിമാനം പറത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്താന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ചായിരുന്നു പാക്കിസ്ഥാന്റെ നടപടി. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയ്ക്കിടയില്‍ ഇമ്രാന്‍ ഖാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍നിന്ന് കിര്‍ഗിസ്ഥാനിലേയ്ക്ക് പാകിസ്താന്റെ വ്യോമപാതയാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവുകയും പാകിസ്താന്റെ വ്യോമപാതകള്‍ അനിശ്ചിതകാലത്തേയ്ക്ക് അടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യപാക് അതിര്‍ത്തിയിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.