ഫണ്ട് വകമാറ്റി ചെലവഴിച്ചു; വ്യാജരേഖ ചമച്ചു: ജാസ്മിൻ ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

single-img
12 June 2019

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷായ്ക്കെതിരെ പരാതിക്കാർ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. സംഘടനയുടെ സംസ്ഥാന നേതാക്കളായിരുന്ന സിബി മുകേഷ്, മുഹമ്മദ് എന്നിവർ നൽകിയ പരാതിയിന്മേൽ നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈം ബ്രാഞ്ച് ജാസ്മിൻ ഷായ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയത്.

ഫണ്ട് വകമാറ്റി ചെലവഴിക്കൽ

സംഘടനയ്ക്ക് വന്ന സംഭാവനകളിൽ നിന്നും ഏകദേശം മൂന്നരക്കോടി രൂപയോളം രൂപ ചെലവഴിച്ച കണക്കുകളിൽ തിരിമറിയുണ്ടെന്നാണ് പരാതിക്കാർ പ്രധാനമായും ആരോപിക്കുന്നത്. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്നവരാണ് സംഘടനയ്ക്ക് സംഭാവന നൽകുന്നവരിൽ ഭൂരിഭാഗവും. സംഘടനയുടെ ചെലവുകൾക്കായും നഴ്സുമാരുടെ ക്ഷേമത്തിനായുമാണ് ഇവർ സംഭാവനകൾ നൽകുന്നത്. 2017 ഏപ്രിൽ മാസം മുതൽ സംഘടനയുടെ പേരിൽ ആക്സിസ് ബാങ്കിലുള്ള അക്കൌണ്ടിലേയ്ക്ക് വന്നത് 37,100,000 രൂപയാണ്. എന്നാൽ 2019 ജനുവരി 31 ആകുമ്പോഴേയ്ക്കും ഈ അക്കൌണ്ടിൽ നീക്കിയിരിപ്പായി ഉള്ളത് വെറും 8,55,408 രൂപയാണെന്നും ഏകദേശം മൂന്നരക്കോടിയോളം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന് ജാസ്മിൻ ഷാ നൽകുന്ന കണക്കുകളിൽ ക്രമക്കേടുകൾ ഉണ്ടെന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.

നിതിൻ മോഹൻ എന്ന വ്യക്തി ക്യാഷ് ആയി ബാങ്കിൽ നിന്നും പിൻവലിച്ചതായി കണക്കുകളിൽ കാണുന്നത് ഏകദേശം 60 ലക്ഷം രൂപ (5991740 രൂപ)യാണ്. ഇയാൾക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷായുടെ ഡ്രൈവറാണ് ഇയാളെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇതുകൂടാതെ പല വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനാ തീരുമാനപ്രകാരമല്ലാതെ ലക്ഷക്കണക്കിനു രൂപ നൽകിയിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു.

2017-18 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കുകളിലും സംശയാസ്പദമായ ഇടപാടുകൾ കാണുവാൻ കഴിയും. സമരം നടത്തിയ ചെലവിലേയ്ക്ക് 68 ലക്ഷം രൂപ വകയിരുത്തിയതടക്കമുള്ള കാര്യങ്ങൾ സാമ്പത്തിക തിരിമറിയുടെ ഉദാഹരണമാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.

വ്യാജരേഖ ചമയ്ക്കൽ

ജാസ്മിൻ ഷായ്ക്കെതിരായ പരാതിയിലെ മറ്റൊരു ഗുരുതര ആരോപണം ജാസ്മിൻ ഷാ വ്യാജരേഖകൾ ഉണ്ടാക്കി എന്നതാണ്. സംഘടനയുടെ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയും കമ്മിറ്റിയംഗങ്ങളോട് ആലോചിക്കാതെയുമാണ് ജാസ്മിൻ ഷായും കൂടെയുള്ള ചിലരും ചേർന്ന് സംഘടനയുടെ പണം അനധികൃതമായി ചെലവഴിച്ചതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. എന്നാൽ ഈ ചെലവുകൾ നടത്താൻ
സംഘടനയിൽ തീരുമാനിച്ചതിന്റെ മിനിട്സ് ജാസ്മിൻ ഷാ ക്രൈം ബ്രാഞ്ചിനു സമർപ്പിച്ചിരുന്നു. എന്നാൽ ഈ കാര്യങ്ങൾ മിനിട്സ് ബുക്കിൽ വ്യാജമായി എഴുതിച്ചേർത്തതാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഇത് തെളിയിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിയോട് ശുപാർശ ചെയ്യുന്നുമുണ്ട്.