സമരം നടത്താൻ 68 ലക്ഷം; യാത്രാച്ചെലവ് 13 ലക്ഷം: നഴ്സസ് അസോസിയേഷന്റെ വരവുചെലവ് കണക്കുകൾ സംശയാസ്പദം

single-img
12 June 2019

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്യാനുള്ള കാരണം വരവു ചെലവ് കണക്കുകളിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്.

2017 ഏപ്രിൽ 1 മുതൽ 2018 മാർച്ച് 31 വരെയുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ വരവുചെലവ് കണക്കുകളുടെ രേഖകൾ ഇവാർത്തയ്ക്ക് ലഭിച്ചു. ഈ കാലയളവിൽ സംഘടനയ്ക്ക് ആകെ വരുമാനമായി ലഭിച്ച തുക 2,21,64,067 രൂപയും 1,57,04945 രൂപയുമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ചെലവു കഴിഞ്ഞുള്ള നീക്കിയിരുപ്പ് തുക 64,19,121 രൂപയാണെന്നും കണക്കുകളിൽ കാണാം.

എന്നാൽ ചെലവുകൾ രേഖപ്പെടുത്തിയിരിക്കുന്നിടത്ത് സംശയകരമായ ചില കാര്യങ്ങൾ കാണാൻ സാധിക്കും. ചെലവുകളിൽ ഏറ്റവും വലിയ തുക Strike expenses (സമരം നടത്താനുള്ള ചെലവ്) എന്ന വിഭാഗത്തിലാണ്. ഇതിലേയ്ക്കായി കാണിച്ചിരിക്കുന്നത് ഏകദേശം 68.4 ലക്ഷം രൂപയാണ്. മേൽപ്പറഞ്ഞ കാലയളവിൽ യുഎൻഎ നടത്തിയ ഒരു സമരങ്ങളുടെ ചെലവുകൾക്കും സംസ്ഥാനക്കമ്മിറ്റി നേരിട്ട് പണം നൽകിയിട്ടില്ലെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങൾ ഇവാർത്തയോട് പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് ജില്ലാ ആസ്ഥാനങ്ങളിലായി നടത്തിയ 21 ദിവസത്തെ പണിമുടക്ക് സമരത്തിന്റെ ചെലവുകൾ നിർവ്വഹിച്ചത് അതാത് ജില്ലാക്കമ്മിറ്റികളാണ്. അതിനു ഒരു ജില്ലാക്കമ്മിറ്റിയ്ക്ക് പരമാവധി ഒന്നരലക്ഷം രൂപവരെയാണ് ചെലവായതെന്നും അതിനായി സംസ്ഥാനക്കമ്മിറ്റി ഫണ്ടൊന്നും നൽകിയിട്ടില്ലെന്നും യുഎൻഎയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതുകൂ‍ടാതെ കെവിഎം, ഭാരത് ആശുപത്രികളിൽ നടന്ന സമരങ്ങളുടെ ചെലവുകളും നിർവ്വഹിച്ചത് അതാത് യൂണിറ്റ് കമ്മിറ്റികളാണ്. അവിടെ പണിമുടക്കി സമരം ചെയ്തതിന്റെ പേരിൽ സാമ്പത്തിക ബുദ്ധിമുട്ടിലായ നഴ്സുമാർക്ക് മാസം തോറും ഒരു തുക സംസ്ഥാ‍നക്കമ്മിറ്റി നൽകിയിരുന്നു. എന്നാൽ അതിനായി ചെലവായ 16,09,905 രൂപ Donations (സംഭാവനകൾ) എന്നപേരിൽ ചെലവിന്റെ കോളത്തിൽ കാണിച്ചിട്ടുമുണ്ട്. പിന്നെ ഇത്രയും വലിയ ഒരു തുക എങ്ങനെയാണ് സമരത്തിനായി ചെലവായതെന്നത് ദുരൂഹമാണ്.

മറ്റൊരു പ്രധാനപ്പെട്ട ചെലവ് യാത്രാച്ചെലവാണ്. യാത്രാച്ചെലവായി 13.75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ആരുടെ യാത്രയ്ക്കായി ചെലവായതാണെന്നോ എന്തിനുവേണ്ടിയുള്ള യാത്രയാണെന്നോ വ്യക്തമല്ല. ഇന്ധനവും ഭക്ഷണവും (Food & Fuel Expenses) എന്ന വിഭാഗത്തിൽ 2.31 ലക്ഷം രൂപ വകയിരുത്തിയ ശേഷം ഇന്ധനചെലവ് (Fuel Expenses) 2.85 ലക്ഷം എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ Refreshment expenses (ലഘുപാനീയങ്ങൾ) എന്ന ഗണത്തിൽ 3.93 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഒരേതരത്തിലുള്ള ചെലവുകൾ ഇങ്ങനെ ആവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് സംശയകരമാണ്. ഇതുകൂടാതെ താമസത്തിനുള്ള ചെലവായി 5 ലക്ഷം രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്.

സമരങ്ങളുടെ പേരിൽ വന്ന പിരിവുകൾ (Strike Receipts) ആണ് ഈ കാലയളവിൽ സംഘടനയുടെ പ്രധാന വരുമാനമായി കാണിച്ചിരിക്കുന്നത്. ഇതുമാത്രം 1.53 കോടിയിലധികം ഉണ്ടെന്ന് രേഖകളിൽ കാണാം. എന്നാൽ മെമ്പർഷിപ്പ് ഫീസിനത്തിൽ കാണിച്ചിരിക്കുന്ന 19.96 ലക്ഷം രൂപയുടെ കണക്ക് സംശയകരമാണെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2017 ഏപ്രിലിനു മുന്നേ 3,000 അംഗങ്ങൾ മാത്രമുണ്ടായിരുന്ന സംഘടനയിൽ 2017-18 കാലയളവിൽ ഏകദേശം 20,000 പേർ അംഗത്വമെടുത്തുവെന്നാണ് വിവരം. ഒരാളുടെ അംഗത്വ ഫീസ് 500 രൂപയാണ്. ഇത്തരത്തിൽ അംഗത്വ ഫീസായി കിട്ടിയയിനത്തിൽ എല്ലാ ജില്ലാക്കമ്മിറ്റികളും കൂടി
68 ലക്ഷം രൂപ സംസ്ഥാന ട്രഷററെ ഏൽപ്പിച്ചുവെന്നാണ് സംഘടനാ നേതൃത്വവുമായി ബന്ധപ്പെട്ടവർ ഇവാർത്തയോട് പറഞ്ഞത്.

ജാസ്മിൻ ഷായ്ക്കെതിരായ പരാതിക്കാരുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഇവാർത്തയ്ക്ക് ലഭിച്ച ഈ വരവ് ചെലവ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു സാമ്പത്തിക വർഷത്തിലെ മാത്രം കണക്ക് ആണ്. ശമ്പളത്തിനായി സമരം ചെയ്യുന്ന നഴ്സുമാരെ സഹായിക്കാൻ വിദേശത്തു ജോലി ചെയ്യുന്ന നഴ്സുമാരും മറ്റും അയച്ചുകൊടുത്ത പണത്തിന്റെ വരവുചെലവ് കണക്കുകളിലാണ് ഇത്തരത്തിൽ സംശയകരമായ കാര്യങ്ങൾ ഉള്ളത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ ഇന്നലെ നാലുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. യുഎന്‍എ ദേശീയ അദ്ധ്യക്ഷൻ ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് ഡിജിപിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.