നാളത്തെ ഇന്ത്യ–ന്യൂസീലന്‍ഡ് മത്സരവേദിയില്‍ യെലോ അലര്‍ട്ട്!

single-img
12 June 2019

നാളെ ട്രെന്റ് ബ്രിജില്‍ നടക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് പോരാട്ടത്തിന് മഴ ഭീഷണി. ട്രെന്റ്ബ്രിജ് സ്റ്റേഡിയം ഉള്‍പ്പെടുന്ന നോട്ടിങ്ങാം മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബര്‍മിങ്ങാം, പീറ്റര്‍ബറോ, ന്യൂകാസില്‍ മേഖലകളിലും മുന്നറിയിപ്പു നിലവിലുണ്ട്.

ഈയാഴ്ചത്തെ പല കളികളും മഴ തടസ്സപ്പെടുത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ലോകകപ്പില്‍ ഇതുവരെ 3 കളികള്‍ പൂര്‍ണമായും ഒരു കളി ഭാഗികമായും മഴ മൂലം തടസ്സപ്പെട്ടിട്ടുണ്ട്. ഇന്നലത്തെ ബംഗ്ലദേശ് ശ്രീലങ്ക മത്സരത്തിനു പുറമേ, കഴിഞ്ഞ ഏഴിന് പാക്കിസ്ഥാന്‍–ശ്രീലങ്ക കളിയും 10ന് ദക്ഷിണാഫിക്ക വെസ്റ്റിന്‍ഡീസ് മത്സരവും ഉപേക്ഷിച്ചു. 4നു നടന്ന ശ്രീലങ്ക–അഫ്ഗാനിസ്ഥാന്‍ മത്സരത്തിന്റെ ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നു.

മഴമൂലം ജയസാധ്യതയുള്ള കളികളില്‍ പോയിന്റു പങ്കുവയ്‌ക്കേണ്ടതിന്റെ സങ്കടത്തിലാണ് ശക്തരായ ടീമുകള്‍. അതേ സമയം, ദുര്‍ബല ടീമുകള്‍ക്ക് ഉപേക്ഷിക്കപ്പെട്ട കളികളില്‍ ഒരു പോയിന്റു വീതം ലഭിച്ചതിന്റെ സന്തോഷവുമുണ്ട്. മഴമൂലം പോയിന്റുകള്‍ നഷ്ടപ്പെട്ടതു വിനയാകുമോ എന്ന ആശങ്കയും ബാക്കിയാണ്.

അതിനിടെ, ലോകകപ്പില്‍ റിസര്‍വ് ദിനങ്ങള്‍ ഒഴിവാക്കിയതിന് വിശദീകരണവുമായി ഐ സി സി രംഗത്തെത്തി. ‘റിസര്‍വ് ദിനം നടപ്പാക്കുക പ്രായോഗികമല്ല. ലോകകപ്പിന്റെ ദൈര്‍ഘ്യം ക്രമാതീതമായി നീണ്ടുപോകും. സ്റ്റേഡിയങ്ങളുടെ ലഭ്യത, ടീമുകളുടെയും ഒഫീഷ്യല്‍സിന്റെയും താമസം, കാണികളുടെ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് മത്സരക്രമം തയ്യാറാക്കിയത്. റിസര്‍വ് ദിനത്തില്‍ മഴ പെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും’ ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് റിച്ചാര്‍ഡ്‌സണ്‍ ചോദിച്ചു.