കടലാക്രമണ ഭീഷണി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.5 കോടി രൂപ പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍

single-img
12 June 2019

സംസ്ഥാനത്ത് മഴ കനക്കുകയും കടലാക്രമണ ഭീതി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തര കടലാക്രമണ പ്രതിരോധത്തിനായി 22.5 കോടി രൂപ സര്‍ക്കാര്‍ പ്രക്യാപിച്ചു. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഓരോ ഇടങ്ങളിലും ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

ഇതോടൊപ്പം തന്നെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാനും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക. വെള്ളപ്പൊക്കം/ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. ആകെ 7,300 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.