യുപി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്റിനെ കോടതി വളപ്പില്‍ വെടിവെച്ച് കൊലചെയ്തു; ശേഷം അക്രമി സ്വയം വെടിവെച്ചു

single-img
12 June 2019

യുപി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി തെര‍ഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ആഗ്രയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റത്. ദര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷകനായ മനിഷ് ശര്‍മയാണ് ദര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ദര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അക്രമ സംഭവത്തെ തുടര്‍ന്ന് യോഗം ചേര്‍ന്ന ഔദ ബാര്‍ അസോസിയേഷന്‍ ധര്‍വേശിന്‍റെ മരണത്തെ അപലപിച്ചു. പ്രതിഷേധ സൂചക ഭാഗമായി നാളെ മുതല്‍ ജോലി നിര്‍ത്തി വയ്ക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കൊലപാതകത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.