ക്രിക്കറ്റ് ലോകകപ്പ്: മഴമൂലം ഇതുവരെ ഉപേക്ഷിച്ചത് മൂന്ന് മത്സരങ്ങൾ; റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റാതെ ഉപേക്ഷിക്കുന്നതിന്റെ കാരണവുമായി ഐസിസി

single-img
12 June 2019

ഇപ്പോൾ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ മൂന്നു മത്സരങ്ങളാണ് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടത്. മറ്റൊരു മത്സരമാവട്ടെ മഴ മൂലം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു കളികള്‍ മഴ മൂലം ഉപേക്ഷിക്കപ്പെടുന്നത്. ഉപേക്ഷിക്കുന്നതിന് പകരം റിസര്‍വ് ദിനത്തിലേക്കു മല്‍സരം മാറ്റാതെ ഉപേക്ഷിക്കുകയെന്ന കടുപ്പമേറിയ തീരുമാനത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഐസിസി.

മത്സരം മാറ്റിവെച്ചാൽ അത് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കൂടാന്‍ കാരണമായി മാറും. കൂടാതെ പലതിനെയും അതു ബാധിക്കുമെന്നും ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ വിശദമാക്കി. പ്രാഥമിക റൗണ്ടിൽ പാകിസ്താന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് മത്സരങ്ങളാണ് മഴയെത്തുടര്‍ന്ന് വേണ്ടെന്നുവച്ചത്. ഇതിൽ രണ്ട് മത്സരങ്ങളിൽ ടോസ് പോലും നടന്നിരുന്നില്ല. മത്സരം മാറ്റി വെച്ചാൽ അതിന് അനുസരിച്ച് പല കാര്യങ്ങളും ആസൂത്രണം ചെയ്യുകയെന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്നും റിച്ചാര്‍ഡ്‌സന്‍ വിശദമാക്കി.

മത്സരത്തിനുള്ള പിച്ച് തയ്യാറാക്കല്‍, ടീമിന്റെ തയ്യാറെടുപ്പ്, യാത്ര, താമസിക്കാനുള്ള സൗകര്യം, വേദിയുടെ ലഭ്യത, വൊളന്റിയര്‍മാര്‍, മാച്ച് ഒഫീഷ്യല്‍സിന്റെ ലഭ്യത, സംപ്രേക്ഷണ, മണിക്കൂറുകളോളം യാത്ര ചെയ്‌തെത്തുന്ന ടീമിന്റെ ആരാധകര്‍ എന്നിവയടക്കമുള്ള കാര്യങ്ങളില്‍ ഉത്തരം കാണേണ്ടതുണ്ട്. ഇതെല്ലാം ചെയ്താലും റിസര്‍വ് ദിനത്തിലും മഴ മാറി കളി നടക്കുമെന്ന് ഒരുറപ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ മത്സരത്തിന്റെയും പിന്നിലും ഏകദേശം 1200 പേരുടെ കൂട്ടായ പ്രവര്‍ത്തനമുണ്ട്. കളി മറ്റൊരു ദിവസത്തേക്കു നീട്ടിയാല്‍ അതനുസരിച്ച് അവരുടെ കാര്യങ്ങളും പ്ലാന്‍ ചെയ്യുക അതീവ ദുഷ്‌കരമാണ്.

അതേസമയം ടൂര്‍ണമെന്റിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ റിസര്‍വ് ദിനം മാറ്റി വച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ അത്തരത്തില്‍ റിസര്‍വ് ദിനം കാണുകയെന്നത് ബുദ്ധിമുട്ടാണെന്നും ഐസിസി വാത്താക്കുറിപ്പില്‍ അറിയിച്ചു.