പെരിയ ഇരട്ടകൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം

single-img
12 June 2019

കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് തോന്നുന്നില്ലെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യ ഹര്‍ജിയും ഇന്ന് പരിഗണിച്ചപ്പോഴാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

കൊലപാതകത്തെ സംബന്ധിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ആശങ്കകള്‍ മാത്രമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉള്ളത്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ എല്ലാവരും പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നില്ലേയെന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി ചോദിച്ചു.അതേപോലെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാദത്തിനിടെ കോടതി ചോദിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യമാണ് വിമര്‍ശനത്തിനു കാരണം.
കേസ് സംബന്ധിച്ച വിവരങ്ങള്‍ ഡിജിപി ഓഫീസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.