ഇനി ആര്‍ക്കും പുതിയ കാറ് വാങ്ങാം; വന്‍തുക മുടക്കേണ്ട; ലോണുമെടുക്കേണ്ട; വന്‍ പദ്ധതിയുമായി കാര്‍ കമ്പനികള്‍

single-img
12 June 2019

ഇനിമുതല്‍ ഈസിയായി ആര്‍ക്കും പുതിയ കാറ് വാങ്ങാം. കാര്‍ കമ്പനിയുമായി ഒരു കരാറിലെത്തിയാല്‍ മാത്രം മതി. ജിഎസ്ടി അടക്കം അഞ്ചുവര്‍ഷത്തേയ്ക്ക് 17,642 രൂപ പ്രതിമാസം അടക്കാന്‍ കഴിയുന്നവര്‍ക്ക് കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് കാര്‍ കമ്പനികള്‍ നല്‍കിയിരിക്കുന്നത്.

ബാങ്ക് വായ്പയെടുക്കുകയാണെങ്കില്‍ പ്രതിമാസം ഇഎംഐ ആയി അഞ്ചുവര്‍ഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്‌ക്കേണ്ടി വരും. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്‌കോഡ, ഫിയറ്റ് തുടങ്ങിയ കാര്‍ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്.

ശമ്പള വരുമാനക്കാര്‍, ചെറുകിട ബിസിനസുകാര്‍, കോര്‍പ്പറേറ്റ് പൊതുമേഖ സ്ഥാപനങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ പുതിയ നീക്കം. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ വാഹന വില്‍പന 19 ശതമാനം ഇടിഞ്ഞതിനെതുടര്‍ന്നാണ് പുതിയ രീതിയിലുള്ള കരാര്‍ രീതി അവതരിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്.

കാറുകള്‍ക്കുപുറമെ ഇരുചക്ര വാഹനമേഖലയും ഇത്തരത്തില്‍ ലീസിന് വാഹനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏതര്‍ എനര്‍ജി ബാറ്ററിയില്‍ ഓടുന്ന പ്രീമിയം ബൈക്കായ ഏതര്‍ 450 ഉം ഇങ്ങനെ ലഭിക്കും. പ്രതിമാസം 2,500 രൂപ മുടക്കിയാല്‍ മതി.